പാലക്കാട്: അട്ടപ്പാടിയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ശിശുമരണങ്ങളിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് പാലക്കാട് കളക്ടറേറ്റിലെ ഡി.എം.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തും. വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലൈല ഷംസുദ്ദീൻ ധർണ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയിൽ പത്ത് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മരണങ്ങളുടെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കാൻ കഴിയാത്തത് ഗൗരവകരമായ വിഷയമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
ആദിവാസി ജനതയുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. മതിയായ ചികിത്സ, പോഷകാഹാരം, ഗർഭിണികൾക്കുള്ള പരിചരണം, സമയബന്ധിതമായ ആശുപത്രി സേവനം, അടിയന്തര ആംബുലൻസ് സൗകര്യം എന്നിവ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഓരോ ശിശുമരണത്തിന്റെയും കാരണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കുകയും ആരോഗ്യവകുപ്പിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം.
മരണങ്ങൾ സംഭവിച്ചശേഷം അന്വേഷണ സമിതികളെ നിയോഗിക്കുന്നതിനും പ്രസ്താവനകൾ നടത്തുന്നതിനും പകരം ഇനിയൊരു കുഞ്ഞിന്റെ ജീവൻ പോലും നഷ്ടപ്പെടാത്ത വിധത്തിൽ ശാശ്വതമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ അട്ടപ്പാടിയിൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ അവസാനിപ്പിക്കുന്നതിനും ആദിവാസി കുടുംബങ്ങൾക്ക് മതിയായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിക്കുന്നതെന്നും ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി.
വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സൈനബ അലി സ്വാഗതം പറയുന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ആസ്യാമാനു അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ലൈല ഷംസുദ്ദീൻ ധർണ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ലൈല ഫക്രുദ്ദീൻ നന്ദി പറയും. വിവിധ ആദിവാസി സംഘടനാ പ്രതിനിധികൾ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കും.
ജവൈരിയ ഖലീൽ
മീഡിയ ഇൻചാർജ്
വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി
📞 9544820303