ശബരിമല. സന്നിധാനത്ത്, പമ്പയിലേക്കുള്ള വഴി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് സഹായകമാവുന്ന വിധം കൂടുതൽ ദിശാസൂചകങ്ങൾ വയ്ക്കുന്നതിന് വ്യാഴാഴ്ച ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. അപ്പം ,അരവണ കൗണ്ടർ ഉള്ള ഭാഗത്ത് ഒരു ദിശയിലേക്ക്് മാത്രം പോകേണ്ടയിടത്ത് തീർത്ഥാടകർ ഇരുദിശയിലേക്കും തിക്കിതിരക്കുന്ന സാഹചര്യമുണ്ട്. ഈ ഭാഗത്ത് ദിശാസൂചകം സ്ഥാപിക്കണമെന്ന് യോഗം നിർദ്ദേശിച്ചിട്ടുണ്ട്. കൗണ്ടറുകളിലും പ്രസാദം, രസീത് എന്നിവ വേർതിരിച്ചറിയാൻ അറിയിപ്പ് വയ്ക്കണം.വലിയ നട പന്തലിലെ ഡിജിറ്റൽ ഡിസ്‌പ്ലേകളിൽ വിവിധ ഭാഷകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ നൽകാൻ നിർദ്ദേശിച്ചു. പി ആർ ഓ ഓഫീസിനോട് ചേർന്നുള്ള അനൗൺസ്‌മെൻറ് കേന്ദ്രത്തിന് വ്യക്തമായി മനസ്സിലാകുന്ന വിധം അനൗൺസ്‌മെന്റ് എന്ന ബോർഡ് വയ്ക്കും. പല കടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ വില വിവര പട്ടിക രേഖപ്പെടുത്തിയ ബോർഡ് കടയ്ക്കുള്ളിലാണ് കാണപ്പെടുന്നത്. നാല് ഭാഷകളിലുള്ള വിലവിവരപ്പട്ടിക ബോർഡുകൾ തീർത്ഥാടകർക്ക് ദൃശ്യമാകുന്ന വിധം വയ്ക്കണമെന്ന് കട ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ടെൻഡർ എടുത്ത കടകളിൽ പലതും തീർത്ഥാടകർക്ക് സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പുറത്തേക്ക് വികസിപ്പിക്കുന്നത് കർശനമായി ദേവസ്വം ബോർഡ് തടയും. ദേവസ്വത്തിന്റെ കുത്തക പാട്ട ഓഫീസർ ഇക്കാര്യത്തിൽ പരിശോധന നടത്തും. അരവണ കൗണ്ടറിനടുത്തും അന്നദാന മണ്ഡപത്തിലേക്ക് ഉള്ള വഴിയിലും പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് നീക്കം ചെയ്യാൻ നടപടിയെടുക്കും. സന്നിധാനത്തെ എഫ് എസ് ടി പി പ്ലാന്റിൽ നിലവിലുള്ള ജീവനക്കാരെ കൂടാതെ ദേവസ്വം മുൻകൈയെടുത്ത് 20 പേരെ അധികമായി നിയമിക്കും. ആവശ്യമെങ്കിൽ 10 വിശുദ്ധി സേനാംഗങ്ങളെ കൂടി നിയോഗിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന മൂന്നു ദിവസത്തിനകം പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണ സജ്ജമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ ശബരിമല എ ഡി എം ദിലീപ് കെ കൈനകര അധ്യക്ഷൻ ആയി .ശബരിമല സ്‌പെഷ്യൽ ഓഫീസർ ജെ. ജയദേവ്, എക്‌സിക്യൂട്ടീവ് ഓഫീസർ പി എസ് ശാന്തകുമാർ ,ഡ്യൂട്ടി മജിസ്ട്രേറ്റ് എം.ബിപിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.