മണ്ണാർക്കാട്. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദികൾ ഇനി പൂർണമായും ഡിജിറ്റൽ വേഗത്തിലേക്ക്. മണ്ണാർക്കാട്ടെ പ്രധാന വേദികളിൽ ബി.എസ്.എൻ.എൽ സജ്ജീകരിച്ച സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ട് സോണുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
മേളയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഒരുക്കിയത്. ‘ബി.എസ്.എൻ.എൽ സർവത്ര’ സംവിധാനം വഴി ലോഗിൻ ചെയ്ത് വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ഉപയോഗിക്കാവുന്ന തരത്തിലാണ് ഹോട്ട്സ്പോട്ട് സോണുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും, മത്സര ഫലങ്ങളും വാർത്തകളും തത്സമയം പങ്കുവെക്കുന്നതിനും സംവിധാനം ഏറെ പ്രയോജനകരമാകും. മേളയുടെ ഡിജിറ്റൽ ഏകോപനത്തിന് ഈ സംരംഭം വലിയ കരുത്തേകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വിവിധ കമ്മിറ്റി അംഗങ്ങളായ വി. വിനോദ്, പി. ഹരികൃഷ്ണൻ, ഹമീദ് കൊമ്പത്ത് ഹുസൈൻ മാസ്റ്റർ എന്നിവരും ബി.എസ്.എൻ.എൽ പ്രതിനിധികളും ശാസ്ത്രോത്സവ സംഘാടക സമിതി ഭാരവാഹികളും പങ്കെടുത്തു.