സ്വകാര്യ കോളേജുകളിലെ മുൻ ജീവനക്കാരികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രസവാനുകൂല്യ (മെറ്റേണിറ്റി ബെനിഫിറ്റ്) കുടിശ്ശിക ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കി നൽകി തൊഴിൽ വകുപ്പ്.
ശിവപുരം സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലെ മുൻ ജീവനക്കാരിയായിരുന്ന സഹന കെ.ഐ.ക്ക് സ്ഥാപനത്തിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കിയ 1,60,100 രൂപയുടെ പ്രസവാനുകൂല്യ ചെക്ക് കോഴിക്കോട് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ.എം. സുനിൽ കൈമാറി.
നീണ്ട ആറ് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് തുക ലഭ്യമാക്കിയത്.
അതേസമയം, തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരിയായിരുന്ന എലിസബത്ത് സോജന് മെറ്റേണിറ്റി ബെനിഫിറ്റ് നിയമപ്രകാരം 2,13,528 രൂപ (രണ്ട് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തി എട്ട് രൂപ) റവന്യൂ റിക്കവറി വഴി ഈടാക്കി നൽകി. മുൻ തൊടുപുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ അബി സെബാസ്റ്റ്യൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. മുൻ ജില്ലാ ലേബർ ഓഫീസർ സ്മിത കെ.ആർ. ആരംഭിച്ച റവന്യൂ റിക്കവറി നടപടികൾ പിന്നീട് ചുമതലയേറ്റ പത്മ ഗിരീഷ് പൂർത്തീകരിക്കുകയായിരുന്നു. ഈ തുകയുടെ ചെക്ക് ഇടുക്കി ജില്ലാ ലേബർ ഓഫീസിൽ വെച്ചാണ് കൈമാറിയത്.