മണ്ഡല മകരമാസ കാലം ഒരാഴ്ച്ച പിന്നിടുമ്പോൾ സന്നിധാനത്തെയും പരിസരത്തെയും കടകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം 29 കേസുകളിലായി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തദ്ദേശസ്വയംഭരണം, റവന്യു, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത പരിശോധന സംഘമാണ് രാത്രികളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്.
കൂടുതൽ നിയമലംഘനം ഹോട്ടലുകളിലെ വൃത്തിയുമായി ബന്ധപ്പെട്ടാണ്. വെയ്റ്റർമാർ, കയ്യുറ, തലമുടി മറയ്ക്കുന്ന ക്യാപ് എന്നിവ ധരിക്കാതിരിക്കുക, അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷം തുടങ്ങിയവയാണ് കൂടുതലും ശ്രദ്ധയിൽപ്പെട്ടത്. സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് കർശനമായി പരിശോധിച്ചു വരികയാണ്. അളവിലും തൂക്കത്തിലും കുറച്ചു സാധനങ്ങൾ വിൽക്കുന്ന വർക്കെതിരെയും നടപടി സ്വീകരിച്ചു. ലീഗൽ മെട്രോളജി നിയമപ്രകാരം 16 രൂപ ഈടാക്കുന്ന ചായയുടെ അളവ് 120 എം.എൽ വേണമെന്നും 18 രൂപ ഈടാക്കുന്ന പരിപ്പുവട 18 ഗ്രാം ഉണ്ടായിരിക്കണമെന്നും 62 രൂപയുടെ മസാലദോശ 200 ഗ്രാം ഉണ്ടായിരിക്കണം എന്നുമാണ്. എന്നാൽ, ഭക്ഷണ സാധനങ്ങളുടെ അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച സന്നിധാനത്തെ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി നശിപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ചീഞ്ഞ ഫലവർഗങ്ങൾ മുഴുവനായും ഉപേക്ഷിക്കണമെന്നും ചീഞ്ഞ ഭാഗം മുറിച്ചു മാറ്റി ബാക്കിഭാഗം ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുന്നതിനെതിരെയും സ്ക്വാഡ് കർശന നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് സ്ക്വാഡുകളായിട്ടാണ് സംഘം പരിശോധന നടത്തുന്നത്. പരിശോധന സംഘം ഭക്ഷണശാലയിൽ എത്തി അയ്യപ്പന്മാരോട് നേരിൽ അഭിപ്രായം ചോദിച്ചും തുടർനടപടി സ്വീകരിക്കുന്നുണ്ട്.