anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്- രാമപുരം നാലമ്പല ക്ഷേത്രങ്ങളെ കോർത്തിണക്കി പിൽഗ്രിം ടൂറിസം പദ്ധതി വരുന്നു

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രത്തെ കേന്ദ്രമാക്കി  പ്രദേശത്തുള്ള നാലമ്പല ക്ഷേത്രങ്ങളെ കൂടി ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം പദ്ധതി  എങ്ങിനെ നടപ്പാക്കാൻ സാധിക്കുമെന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
തിരുമാന്ധാംകുന്ന് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പദ്ധതികൾക്ക് ടൂറിസം വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മഞ്ഞളാംകുഴി അലി എംഎൽഎയുടെ അഭ്യർഥനയെ തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം. ക്ഷേത്രവും പരിസരങ്ങളും സന്ദർശിച്ച മന്ത്രി, എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായും ദേവസ്വം അധികൃതരുമായും ചർച്ച നടത്തി.

ക്ഷേത്രത്തിലെ പൂരപ്പറമ്പ് നവീകരണം, അൽപ്പാക്കുളം വികസനം തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് രാമപുരം ക്ഷേത്രങ്ങളിൽ ടൂറിസം വകുപ്പ് പദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികളും മന്ത്രിക്ക് നിവേദനം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ, കെപിസിസി സെക്രട്ടറി വി. ബാബുരാജ്, തിരുമാന്ധാംകുന്ന് ദേവസ്വം ട്രസ്റ്റി അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051