anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിർച്വൽ ക്യൂ: ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ലഭ്യമാവുക 8 മണിക്കൂറിന് ശേഷമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌** *-പുതിയ പരിഷ്കാരം നവംബർ 24 രാത്രി നിലവിൽ വരും

ശബരിമലയിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ. പുതിയ പരിഷ്കാരം നവംബർ 24 രാത്രി നിലവിൽ വരും. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക്‌ ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകൾക്ക് ലഭ്യമാക്കുന്ന തരത്തിൽ ആസൂത്രിത ശ്രമമുണ്ടെങ്കിൽ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരാഴ്ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂർണ സംതൃപ്തി നൽകുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പറഞ്ഞു. വിർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് പ്രധാനം. പണമിടപാട് പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാൻ സാധിച്ചു. ഇത്‌ മൊത്തം വരുമാനത്തിന്റെ വർധനയിൽ പ്രതിഫലിക്കും. സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നൽകുന്ന മറ്റൊരു കാര്യം.

നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങൾ വരെ ഒരേ സമയം പാർക്ക് ചെയ്യാം. തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്തിടത്തേക്ക് പോകാൻ നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസിയുടെ സർക്കുലർ സർവീസുകളുടെ എണ്ണം കൂട്ടും.

*”അയ്യപ്പനെ കാണാൻ വരുന്ന ഒരു ഭക്തനെയും മടക്കില്ല”*

അയ്യപ്പനെ കാണാൻ വരുന്ന ഒരു ഭക്തനെയും മടക്കി അയക്കില്ലെന്ന് കെ. ജയകുമാർ വ്യക്തമാക്കി. ഏതെങ്കിലും രീതിയിൽ ബുക്ക്‌ ചെയ്തു വരണം എന്ന് മാത്രം. സ്പോട്ട് ബുക്കിംഗ് നേരത്തെ 5000 എണ്ണം വർധിപ്പിച്ചിരുന്നു. ആവശ്യമുണ്ടെങ്കിൽ 5000 എണ്ണം കൂടി കൂട്ടും. നിലവിൽ അതിന്റെ ആവശ്യമില്ല. ഭക്തരുടെ എണ്ണം ക്രമനുഗതമായി കൂടുന്നുണ്ട്. നവംബർ 23 ന് 75000 പേർ എത്തി. നവംബർ 24 ന് 80000 പേർ എത്തുമെന്നാണ് കരുതുന്നത്. മല കയറുന്നവരുടെ എണ്ണം കൂടിയിട്ടും തിരക്കിന്റെ തീവ്രത സന്നിധാനത്ത് അനുഭവപ്പെടാത്തത് കൃത്യമായ ഏകോപനം മൂലമാണ്. പോലീസിന്റെയും വിവിധ വകുപ്പുകളുടെയും എഡിഎമ്മിന്റെയും സഹകരണം ഇതിൽ എടുത്തുപറയണം.

പമ്പയിൽ തുണി നിക്ഷേപിക്കുന്ന വർഷങ്ങളായുള്ള ദുരാചാരം ബോധവൽക്കരണത്തിലൂടെ വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. സീസൺ തുടങ്ങുന്ന വേളയിൽ ആസൂത്രിതമായ രീതിയിൽ തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാൻ ശ്രമം നടന്നിട്ടുണ്ടോ എന്നത് സൈബർ ഫോറെൻസിക് അന്വേഷിക്കുകയാണ്. ഇതുവരെ ആ നിലയ്ക്ക് തെളിവ് ലഭിച്ചിട്ടില്ല.

*അപ്പാച്ചിമേട് തീർത്ഥാടക വിശ്രമകേന്ദ്രം ഉദ്ഘാടനം ഉടൻ*

അപ്പാച്ചിമേട്ടിൽ കാർഡിയാക് കേന്ദ്രത്തിന് സമീപം നവീകരിച്ചു മനോഹരമാക്കി മാറ്റിയ തീർത്ഥാടക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒരാഴ്ച്ചക്കുള്ളിൽ നടക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അറിയിച്ചു. ഫോട്ടോ എടുക്കാൻ പാകത്തിൽ സുന്ദരമാക്കി മാറ്റിയ പ്രദേശമാണിത്. നേരെത്തെ കാട് മൂടി അനാഥവസ്ഥയിൽ ആയിരുന്നു. അപ്പം, അരവണ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the News

Leave a Comment

IMG 20260806 WA0051