കൊച്ചി: പശ്ചിമഘട്ടത്തിൽനിന്ന് രണ്ട് വംശങ്ങളിലായി 14 പുതിയ ഇനം സ്യൂഡോസ്കോർപിയോണുകളെ ഗവേഷകർ കണ്ടെത്തി. ഏഴു ദിവസം നീണ്ട ശാസ്ത്രസംവാദങ്ങൾക്കു ശേഷം കൊച്ചിയിൽ സമാപിച്ച 23-ാമത് അന്താരാഷ്ട്ര അരാക്നോളജി കോൺഗ്രസിലാണ് ഈ സുപ്രധാന ഗവേഷണ റിപ്പോർട്ട് അവതരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായും ഏഷ്യയിൽ രണ്ടാം തവണയും നടന്ന സമ്മേളനത്തിൽ അൻപതിലധികം രാജ്യങ്ങളിൽനിന്നുള്ള ഇരുന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു.
തൃക്കാക്കര ഭാരതമാതാ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകരായ ജിതിൻ ജോൺസൺ, മാത്യു എം. ജോസഫ്, സെൻട്രൽ ഒക്ലഹോമ സർവകലാശാലയിലെ സ്റ്റെഫാനി എഫ്. ലോറിയ, ഹാംബർഗിലെ മ്യൂസിയം ഓഫ് നേച്ചറിലെ ഡാനിലോ ഹാംസ് എന്നിവരടങ്ങിയ അന്താരാഷ്ട്ര സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ. ആധുനിക മോളിക്യുലാർ ഫൈലോജെനെറ്റിക്, ബയോജിയോഗ്രാഫിക്കൽ രീതികളും സൂക്ഷ്മമായ രൂപഘടനാ പഠനങ്ങളും സംയോജിപ്പിച്ചായിരുന്നു ഗവേഷണം. പ്രാചീന ജീവിവർഗങ്ങളുടെ പരിണാമ ചരിത്രത്തിലേക്കും പശ്ചിമഘട്ടത്തിലെ ഇലപൊഴിയും വനമേഖലകളിലെ പ്രത്യേക ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും വിരൽചൂണ്ടുന്നതാണ് പഠനം.
പരിസ്ഥിതി മലിനീകരണം അളക്കുന്നതിനുള്ള ജൈവ സൂചകങ്ങളായി ചിലന്തികളെയും അവയുടെ വലകളെയും ഉപയോഗിക്കാമെന്ന ഗവേഷണങ്ങളും സമ്മേളനത്തിൽ ഏറെ ശ്രദ്ധനേടി. വായുവിലൂടെയുള്ള മലിനീകരണ വസ്തുക്കൾക്കു പുറമെ, ചിലന്തിവലകളിൽ അടിഞ്ഞുകൂടുന്ന ഘനലോഹങ്ങളെയും മൈക്രോപ്ലാസ്റ്റിക് കണങ്ങളെയും കുറിച്ച് കൊച്ചിയിൽ നടക്കുന്ന പഠനങ്ങളും ചർച്ചയായി.
ആധുനിക ജന്തുശാസ്ത്ര നാമകരണത്തിന് അടിത്തറയിട്ട ദ്വിനാമ പദ്ധതി പ്രകാരം ലോകത്ത് ആദ്യമായി ശാസ്ത്രീയമായി വിവരിക്കപ്പെട്ട ജന്തുവർഗമായ അറേനിയസ് ആംഗുലേറ്റസ് എന്ന ചിലന്തിയുടെ സ്വത്വം പുനഃപരിശോധിച്ചുകൊണ്ട് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ജോനാഥൻ എ. കോഡിംഗ്ടൺ അവതരിപ്പിച്ച പ്രബന്ധവും സമ്മേളനത്തിലെ പ്രധാന ആകർഷണമായി.
ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജിക്കു വേണ്ടി തൃക്കാക്കര ഭാരതമാതാ കോളേജും (ഓട്ടോണമസ്) കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായാണ് ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ കോൺഗ്രസ് സംഘടിപ്പിച്ചത്.
‘സ്പിന്നിംഗ് കണക്ഷൻസ് ആൻഡ് വീവിംഗ് നോളജ്’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ആറ് പ്ലീനറി പ്രഭാഷണങ്ങളും അഞ്ച് യുവ അരാക്നോളജിസ്റ്റ് അവതരണങ്ങളും നാല് പ്രത്യേക സിമ്പോസിയങ്ങളുമടക്കം 170-ഓളം ശാസ്ത്രീയ അവതരണങ്ങൾ നടന്നു. വർഗ്ഗീകരണശാസ്ത്രം, പരിണാമം, ജീനോമിക്സ്, വിഷമുള്ള അരാക്നിഡുകളും ചികിത്സാശാസ്ത്രവും, ചിലന്തിവലയും ബയോമെറ്റീരിയലുകളും തുടങ്ങിയ വിവിധ മേഖലകൾ ചർച്ചയായി.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവഗവേഷകരുടെ പ്രബന്ധാവതരണത്തിലും പോസ്റ്റർ അവതരണത്തിലും ഹാർവാർഡ് സർവകലാശാലയിലെ (യു.എസ്.) കെയ്ലിൻ എൽ. ചോങ് ഒന്നാം സമ്മാനം കരസ്ഥമാക്കി. പ്രബന്ധാവതരണത്തിൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ജോർജ്ജ് പോപോവിച്ചി രണ്ടാം സ്ഥാനവും ബ്രസീലിലെ ഇൻസ്റ്റിറ്റ്യൂട്ടോ ബുട്ടാന്റനിലെ റാഫേൽ ഫോൺസെക്ക-ഫെരേര മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ അവതരണത്തിൽ ഹൈദരാബാദിലെ സി.എസ്.ഐ.ആർ-സി.സി.എം.ബിയിലെ പ്രതീക് ഖോപ്കർ രണ്ടാം സ്ഥാനവും അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ വില്യം ഫിലിപ്സ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ശാസ്ത്രീയ ചർച്ചകൾക്കു പുറമെ പശ്ചിമഘട്ടത്തിലേക്കുള്ള ഫീൽഡ് സന്ദർശനങ്ങൾ, കായൽ യാത്ര, സാംസ്കാരിക പരിപാടികൾ, അരാക്നോ ഒളിമ്പിക്സ് എന്നിവയും കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ അരാക്നോളജി ഗവേഷണ മേഖലയ്ക്ക് ആഗോള ശാസ്ത്രസമൂഹവുമായി പുതിയ സഹകരണ സാധ്യതകൾ തുറന്നിട്ടാണ് ഏഴു ദിവസം നീണ്ട സമ്മേളനത്തിന് തിരശ്ശീല വീണത്.