anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇന്ത്യയിലുടനീളം 9 പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി സജ്ജമാക്കി ആസ്റ്റർ വോളന്റിയേഴ്‌സ്*

കൊച്ചി, ഓഗസ്റ്റ് 18, 2025:* ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ആഗോള സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ്, ഇന്ത്യയിലെ എട്ട് നഗരങ്ങളിലായി ഒൻപത് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി അവതരിപ്പിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്സിന് കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 45 ആയും ആഗോളതലത്തിൽ 62 ആയും ഉയർന്നു. ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, നസീറ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, മറ്റ് ആസ്റ്റർ ഭാരവാഹികൾ എന്നിവർ ചേർന്ന് മൊബൈൽ യൂണിറ്റുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

വിദൂരമേഖലകളിൽ ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത മൂലം ദുരിതമനുഭവിക്കുന്നവരിലേക്ക് നേരിട്ട് വൈദ്യസഹായവും ആരോഗ്യ സേവനങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ യൂണിറ്റുകൾ നിരത്തിലിറക്കുന്നത്. പ്രാദേശികമായ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഓരോ യൂണിറ്റും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. വിവിധ ബിസിനസ് പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ “തണൽ”, മലബാർ ഗോൾഡ് & ഡയമണ്ട്സ് എന്നിവരുമായി സഹകരിച്ച് ചെന്നൈ, ബെംഗളൂരു, ഡൽഹി, കൊൽക്കത്ത, പട്‌ന തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലെ തെരുവുകളിൽ കഴിയുന്നവർക്ക് സേവനം നൽകുന്നതിനായി അഞ്ച് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് വിന്യസിച്ചിരിക്കുന്നത്. കുട്ടികളിലെ നേത്ര ആരോഗ്യ സംരക്ഷണത്തിനായി, എസ്സിലോർ ലക്സോട്ടിക്ക ഫൗണ്ടേഷനുമായി കൈകോർത്ത് ബെംഗളൂരുവിലും കാസർഗോഡുമായി രണ്ട് നേത്ര പരി ശോധനാ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. കാഴ്ച ശക്തി കുറഞ്ഞ കുട്ടികൾക്ക് സൗജന്യമായി സ്ക്രീനിംഗ് നടത്തി കണ്ണടകൾ നൽകുന്ന എസ്സിലോറിന്റെ “ക്ലിയർ സൈറ്റ്” പദ്ധതിയുടെ ഭാഗമാണ് ഈ യൂണിറ്റുകൾ. കൂടാതെ, ആസ്റ്റർ മിംസ് ഹോസ്പിറ്റലും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജുമായും സഹകരിച്ച്, കോഴിക്കോട് ജില്ലയിൽ സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികൾക്ക് ആശ്വാസമേകുന്നതിനായി രണ്ട് പെയിൻ & പാലിയേറ്റീവ് ഹോം കെയർ യൂണിറ്റുകളും ആസ്റ്റർ വോളന്റിയർമാർ ആരംഭിച്ചിരിക്കുകയാണ്.

“പാവപ്പെട്ടവരുടെ പരിചരണത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത ആശുപത്രികളുടെ നാല് ചുമരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് അത് എത്തിക്കുന്നതിനും അവരെ കൈപിടിച്ച് ഉയർത്തിക്കൊണ്ടുവരുന്നതിനും ശക്തമായ ശ്രമങ്ങൾ തുടരുകയാണ്. ആസ്റ്റർ വോളന്റിയർമാർ ആരംഭിച്ച ഈ ഒൻപത് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. സമാന ചിന്താഗതിക്കാരായ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്. സമൂഹത്തിൽ വേരൂന്നിക്കൊണ്ടുള്ള സുസ്ഥിരമായ ആരോഗ്യ സംരക്ഷണ മാതൃകകൾ കെട്ടിപ്പടുക്കാൻ ഇത്തരം മാതൃകകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 23 ലക്ഷത്തിലധികം ആളുകൾക്ക് ആസ്റ്റർ വോളന്റിയർമാർ മൊബൈൽ മെഡിക്കൽ സേവനങ്ങൾ വഴി സഹായം നൽകിയിട്ടുണ്ട്. ഓരോ മൊബൈൽ മെഡിക്കൽ യൂണിറ്റിലും നൂതനമായ മെഡിക്കൽ ഉപകരണങ്ങളും യോഗ്യതയുള്ള പ്രൊഫഷണലുകളുടെ സേവനവും ഐഒടി സഹായത്തോടെയുള്ള ടെലിമെഡിസിൻ സംവിധാനങ്ങളും ലഭ്യമാണ്. ഇന്ത്യയിലെ 16ലധികം സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് വിദൂര, ആദിവാസി, പിന്നോക്ക മേഖലകളിൽ ഈ പദ്ധതി ഇപ്പോൾ സജീവമാണ്.

ഇപ്പോൾ ഫ്ലാഗ് ഓഫ് ചെയ്ത ഒൻപത് യൂണിറ്റുകൾക്ക് പുറമെ, ഗുജറാത്തിലെ മെഹ്സാന, തിരുവനന്തപുരം, തിരുപ്പതി എന്നിവിടങ്ങളിലും ഉഗാണ്ട, റുവാണ്ട, ചാഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും വിനിയോഗിക്കുന്നതിനായി നിരവധി പുതിയ യൂണിറ്റുകൾ നിർമ്മാണ ഘട്ടത്തിലാണ്. വരും മാസങ്ങളിൽ ഇവ പ്രവർത്തനക്ഷമമാകുന്നതോടെ, മൊത്തം യൂണിറ്റുകളുടെ എണ്ണം 70 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ 10 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051