anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എറണാകുളം ബോട്ട് ജെട്ടി അത്യാധുനിക രീതിയിൽ നവീകരിക്കും , ടൂറിസം സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തും: മന്ത്രി പി. സി.

 കൊച്ചി.  വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു.

എറണാകുളം ബോട്ട് ജെട്ടി പ്രദേശം നേരിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രദേശത്തെ വികസന വിഷയങ്ങൾ ചൂണ്ടിക്കാട്ടി ടി.ജെ. വിനോദ് എം.എൽ.എ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. 2004-ൽ നിർമ്മിച്ച ബോട്ട് ജെട്ടിയും വാച്ച് ടവറും നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിച്ചിരുന്നില്ല. നിലവിൽ വാക്ക്‌വേയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് സഞ്ചാരികളെയും പൊതുജനങ്ങളെയും ആകർഷിക്കുന്ന മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. എം.എൽ.എ. മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ മനോഹരമായ റസ്റ്റോറന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ സജ്ജീകരിക്കും. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാച്ച് ടവറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കും.

പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ മേയറുമായി പ്രത്യേക ചർച്ച നടത്തും. കോർപ്പറേഷന്റെ പൂർണ്ണ സഹകരണത്തോടെയാകും തുടർനടപടികൾ. വാട്ടർ മെട്രോയുടെ പുതിയ ജെട്ടി കൂടി ഉടൻ ഇവിടെ നിലവിൽ വരാനിരിക്കുകയാണ്. കൂടാതെ ഫോർട്ട് കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് സാധാരണക്കാരും വിനോദസഞ്ചാരികളും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണിത്. എറണാകുളത്തിന്റെ ടൂറിസം പ്രാധാന്യത്തിന് വലിയ മുൻഗണനയാണ് സർക്കാർ നൽകുന്നത്. ബോട്ട് ജെട്ടി നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

സന്ദർശനത്തിൽ മന്ത്രിയോടൊപ്പം ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ കൃഷ്ണകുമാർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051