മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന് രണ്ടാണ്ട് തികയുമ്പോള്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഹൃദയഭൂമിയില്‍ ഒത്തുകൂടി. ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും നടന്നു. റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് എന്നിവര്‍ അനുസമരണ സന്ദേശം നല്കി.
ഒറ്റരാത്രികൊണ്ട് മണ്ണാല്‍ മുറിവേറ്റ് ഉറ്റവരെ നഷ്ടമായ നിരവധിപ്പേരാണ് രാവിലെ മുതല്‍ പുത്തുമലയില ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതല്‍ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓര്‍മകളുമായി ജീവിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ പൂക്കളും പ്രാര്‍ത്ഥനയുമായി ഹൃദയഭൂമിയില്‍ ഒത്തുകൂടിയിരുന്നു. ഒരു നാട്ടില്‍ ഒരുമിച്ച് ജീവിച്ച് ഒരേ മണ്ണില്‍ അന്തിയുറങ്ങുന്നവര്‍ക്ക് മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാദര്‍ ജിജോ, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അഡ്വ. ബബിത, ഡോ. യൂസഫ് നദ്വി എന്നിവര്‍ പ്രര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകളായ ടി.ജെ ഐസക്, കെ റഫീഖ്, ടി മുഹമ്മദ്, പി.കെ അനില്‍കുമാര്‍, ജെയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്ന് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
*ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും-മന്ത്രി എ.പി അനില്‍കുമാര്‍*
ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുത്തുമല ഹൃദയഭൂമിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കേരളം ഒറ്റക്കെട്ടായാണ് ആത്മധൈര്യം പകർന്നതും ജീവനത്തിന് പിന്തുണയേകിയതും. അതിജീവിതര്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിനൊപ്പം അധികമായി നടപ്പാക്കേണ്ട മറ്റ് കാര്യങ്ങള്‍ കൂടി ഏറ്റെടുക്കും. പുനരധിവാസ ടൗണ്‍ഷിപ്പിലെ 130 വീടുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാവും. ഡിസംബര്‍ അവസാനത്തോടെ ശേഷിക്കുന്ന വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമെന്നും മന്ത്രി പറഞ്ഞു.
ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യും. ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ഏറ്റെടുത്തിന്റെ ആദ്യഘട്ടമായി ആറ് കോടി രൂപയുടെ വായ്പകളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് തുക അനുവദിച്ചത്. തുടര്‍ പരിശോധനകള്‍ക്ക് ശേഷം ബാക്കി വായ്പ തുക അനുവദിക്കും. ദുരന്തബാധിതര്‍ക്കായുള്ള എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങളും കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പുനരധിവാസ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് അര്‍ഹരായവര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കും. മേപ്പാടിയില്‍ തുടര്‍ച്ചയായുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങള്‍ പഠിക്കാനും ദുരന്തങ്ങള്‍ പ്രതിരോധിക്കാനും ആളപായം ഇല്ലാതാക്കാനും സ്വീകരിക്കേണ്ട നടപടികള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
*കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും-മന്ത്രി ടി സിദ്ദീഖ്*
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരിതബാധിതരായ കുട്ടികളുടെ തുടര്‍പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വായ്പകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അനുഭാവപൂര്‍ണമായ തീരുമാനമുണ്ടാകും. ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ നടപടി സ്വീകരിക്കും. തീര്‍ത്താല്‍ തീരാത്ത വേദന അനുഭവിക്കുന്ന ജനതയെ അത്മവിശ്വാസത്തോടെ നടത്താന്‍ സാധ്യമാവുന്നതൊല്ലാം ചെയ്യാന്‍ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.