anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം; സർക്കാർ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പരിഹരിക്കണം: എസ്ഡിപിഐ

പാലക്കാട്: ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാർ തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിലെ ഗുരുതരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമരം നടത്തുന്ന ഹൗസ് സർജന്മാരുടെ സമരസമിതി നേതാക്കളുമായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് പാലക്കാട്, യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര, ജില്ലാ ജോയിന്റ് കൺവീനർ നസിഹ് മണ്ണാർക്കാട്. ജില്ലാ കമ്മിറ്റി അംഗം സൽമാൻ എന്നിവർ ചർച്ച നടത്തി. രോഗികൾക്കും ചികിത്സ നൽകുന്ന ഡോക്ടർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം സർക്കാർ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്.
അത്യാഹിത വിഭാഗത്തിലേക്കുള്ള ആവശ്യമായ മരുന്നുകളുടെ ലഭ്യതക്കുറവ്, എക്‌സ്‌റേ സംവിധാനം പ്രവർത്തനരഹിതമായത്, സിടി സ്കാൻ സൗകര്യമില്ലാത്തത് തുടങ്ങിയ പ്രശ്നങ്ങൾ രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരെ മറ്റ് ആശുപത്രികളിലേക്ക് ആശ്രയിക്കാൻ നിർബന്ധിതരാക്കുന്ന അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റമുണ്ടാകണം.
മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെയും ചികിത്സാ ഉപകരണങ്ങളെയും മരുന്നുകളെയും അടിസ്ഥാന സൗകര്യങ്ങളെയും അടിയന്തരമായി ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പ്രഖ്യാപനങ്ങളും ഉറപ്പുകളും നൽകി പ്രശ്നങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന സമീപനം അവസാനിപ്പിക്കണം. ഹൗസ് സർജന്മാരുടെ സമരം സർക്കാർ ഗൗരവത്തോടെ കാണുകയും സമരസമിതിയുമായി അടിയന്തരമായി ചർച്ച നടത്തി പ്രായോഗിക പരിഹാരം ഉറപ്പാക്കുകയും വേണം.
മെഡിക്കൽ കോളേജിലെ നിലവിലെ ദുരവസ്ഥയ്ക്ക് കാരണമായ വീഴ്ചകൾ അന്വേഷിച്ച് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർക്കാർ മെഡിക്കൽ കോളേജിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്തത് അംഗീകരിക്കാനാവില്ല.
പാലക്കാട് മെഡിക്കൽ കോളേജിനെ പേരിൽ മാത്രം നിലനിൽക്കുന്ന സ്ഥാപനമാക്കി മാറ്റാതെ ആവശ്യമായ മുഴുവൻ ചികിത്സാ സംവിധാനങ്ങളും അടിയന്തരമായി ഒരുക്കാൻ സർക്കാർ തയ്യാറാകണം. രോഗികളുടെ ജീവനും ആരോഗ്യവും വെച്ച് യാതൊരു തരത്തിലുള്ള അനാസ്ഥയും അനുവദിക്കാനാവില്ല. ഹൗസ് സർജന്മാർ ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തരമായി പരിഹരിച്ച് സമരം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യം സർക്കാർ തന്നെ സൃഷ്ടിക്കണമെന്നും, ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ഹൗസ് സർജന്മാർക്ക് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പൂർണ പിന്തുണയുണ്ടെന്നും ഷെരീഫ് പട്ടാമ്പി വ്യക്തമാക്കി.

 

ബഷീർ കൊമ്പം ജില്ലാ മീഡിയ ഇൻ ചാർജ്
+91 81579 48123

Spread the News

Leave a Comment

IMG 20260806 WA0051