anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്വകാര്യ ആശുപത്രികളുടെ ചികിത്സാക്കൊള്ളയ്ക്ക് തടയിടണം; അമിത നിരക്കുകൾക്കെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകി എസ്.ഡി.പി.ഐ

പാലക്കാട്: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്കുകൾ, അന്യായ ബില്ലിംഗ്, അനാവശ്യ പരിശോധനകൾ എന്നിവ നിയന്ത്രിച്ച് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലാ കലക്ടർക്ക് പരാതി നൽകി. പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം, ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കൊമ്പം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ശരീഫ് അത്താണിക്കലിന്റെ പേരിലാണ് പരാതി നൽകിയത്.
സ്വകാര്യ ആശുപത്രികളിലെ വർധിച്ചുവരുന്ന ചികിത്സാച്ചെലവ് സാധാരണക്കാരായ രോഗികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. രോഗികളുടെ ആരോഗ്യസ്ഥിതിയും അടിയന്തര ചികിത്സയുടെ ആവശ്യകതയും കുടുംബങ്ങളുടെ സാമ്പത്തിക നിസ്സഹായതയും മുതലെടുത്ത് അമിതമായ നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതികൾ ഗൗരവമായി പരിശോധിക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
പരിശോധനകൾക്കും മരുന്നുകൾക്കും ചികിത്സാ നടപടികൾക്കും മറ്റ് ആശുപത്രി സേവനങ്ങൾക്കുമായി വൻതുക ചെലവഴിക്കേണ്ടിവരുന്നത് സാധാരണക്കാരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്. ചികിത്സാച്ചെലവ് താങ്ങാനാവാതെ കടം വാങ്ങേണ്ടിവരുന്നതും സാമ്പത്തിക പ്രയാസങ്ങൾ കാരണം ചികിത്സ വൈകിപ്പിക്കുകയോ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുന്നതും ഗൗരവമുള്ള വിഷയമാണെന്ന് പരാതിയിൽ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകളിലും ബില്ലിംഗ് സംവിധാനത്തിലും സുതാര്യത ഉറപ്പാക്കണം. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് സാധ്യമായ സാഹചര്യങ്ങളിൽ ചെലവിന്റെ ഏകദേശ കണക്ക് രോഗികൾക്ക് നൽകുകയും ചികിത്സയ്ക്കുശേഷം ഓരോ ഇനത്തിനും ഈടാക്കിയ തുക വ്യക്തമാക്കുന്ന വിശദമായ ബിൽ ലഭ്യമാക്കുകയും വേണം. അനാവശ്യ പരിശോധനകൾ നിർദേശിക്കുക, ഒരേ സേവനത്തിന് ആവർത്തിച്ച് നിരക്ക് ഈടാക്കുക, ബില്ലിൽ വ്യക്തതയില്ലാത്ത തുകകൾ ഉൾപ്പെടുത്തുക തുടങ്ങിയ പരാതികളിൽ അന്വേഷണം നടത്തി നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകളും ബില്ലിംഗ് രീതികളും പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് അർഹമായ സൗജന്യ ചികിത്സയും സർക്കാർ ആരോഗ്യപദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികൾക്കെതിരായ പരാതികൾ സ്വീകരിക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും ജില്ലാ തലത്തിൽ ഫലപ്രദമായ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നും ചികിത്സാച്ചെലവിന്റെ ഭാരം കാരണം കുടുംബങ്ങൾ കടക്കെണിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകണമെന്നും സ്വീകരിക്കുന്ന നടപടികൾ രേഖാമൂലം അറിയിക്കണമെന്നും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ച ജില്ലാ കലക്ടർ, പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

ബഷീർ കൊമ്പം
ജില്ല മീഡിയ കോഡിനേറ്റർ
+91 81579 48123

Spread the News

Leave a Comment

IMG 20260806 WA0051