anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പോലീസ് അധികാരികളുടെയും സമ്പന്നരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നവരാകുന്നു; സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ല: എസ്.പി. അമീർ അലി*

പാലക്കാട്: സാധാരണക്കാർക്ക് നീതി ലഭിക്കേണ്ട പോലീസ് സ്റ്റേഷനുകൾ അധികാരികളുടെയും സമ്പന്നരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഇടങ്ങളായി മാറുന്നുവെന്ന വിമർശനവുമായി എസ്.പി. അമീർ അലി. പരാതി പറയാനെത്തുന്ന സാധാരണക്കാരോട് മാന്യമായി പെരുമാറാനും അവരുടെ പരാതികൾ ക്ഷമയോടെ കേട്ട് സ്വീകരിക്കാനും പോലീസ് തയ്യാറാകുന്നുണ്ടോയെന്ന് കേരളീയ പൊതുസമൂഹം ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ പാലക്കാട് പോലീസ് കസ്റ്റഡിയിലിരിക്കെ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഒരു യുവാവിനെ കൈവിലങ്ങിട്ട് മർദിക്കുന്നത് തനിക്ക് നേരിട്ട് കാണേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ മർദനം തടയാതെ നോക്കിനിൽക്കുന്നതും കണ്ടു. സംഭവത്തിന്റെ തീയതിയും സമയവും ഉൾപ്പെടുത്തി അന്വേഷണം ആവശ്യപ്പെട്ട് ജയിലിലെ പരാതിപ്പെട്ടി വഴി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പോലീസ് നടത്തിയ ക്രൂരമായ മൂന്നാംമുറയ്‌ക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ 2020-ൽ തനിക്കും സഹപ്രവർത്തകർക്കുമെതിരെ 153എ വകുപ്പ് ചുമത്തി മൂന്നാഴ്ചയോളം ജയിലിലടച്ചെന്നാണ് അമീർ അലിയുടെ ആരോപണം. തുടർന്ന് 2022-ലെ പാലക്കാട്ടുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.പി.എ. ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തി തനിക്കും സഹപ്രവർത്തകർക്കും വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവന്നതായും അദ്ദേഹം ആരോപിച്ചു.
വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മകൾക്ക് നീതി ലഭിച്ചില്ലെന്നും പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ മോശമായ പെരുമാറ്റം നേരിടേണ്ടിവന്നെന്നും മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി എറണാകുളത്തെ എസ്.ഡി.പി.ഐ. പ്രവർത്തകർ നടത്തുന്ന ഇടപെടലുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ പോലീസ് മർദനമോ ഭീഷണിയോ നേരിട്ടവരുടെ അനുഭവങ്ങൾ അറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെയ്യാത്ത തെറ്റിന്റെ പേരിൽ അധികാര ദുർവിനിയോഗത്തിന് ആരും ഇരയാകാം. അനീതിക്കെതിരെ പ്രതികരിക്കാൻ കഴിയുന്നവർ പ്രതികരിക്കണമെന്നും അല്ലാത്തവർ ഇത്തരം അനുഭവങ്ങൾ തങ്ങൾക്കും സംഭവിക്കാമെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നും എസ്.പി. അമീർ അലി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Spread the News

Leave a Comment

IMG 20260806 WA0051