anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പറമ്പിക്കുളം–ആളിയാർ കരാർ പുതുക്കലിന് മധ്യസ്ഥത വഹിക്കും: ഡോ. ശശി തരൂർ എംപി

ചിറ്റൂർ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ 38 വർഷമായി മുടങ്ങിക്കിടക്കുന്ന പറമ്പിക്കുളം-ആളിയാർ കരാർ പുതുക്കുന്നതിനായി മധ്യസ്ഥത വഹിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂർ എം.പി പറഞ്ഞു. ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചിറ്റൂരിൽ സംഘടിപ്പിച്ച യൂത്ത് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 വർഷമായി എൽ.ഡി.എഫ് സർക്കാർ നയിക്കുന്ന ദുർഭരണത്തിന്റെ പ്രതിഫലനം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രകടമാണെന്ന് ശശി തരൂർ വിമർശിച്ചു. കേരള മോഡലിനെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും സംസാരിച്ചിരുന്നെങ്കിലും നിലവിൽ കടബാധ്യതയെ ആശ്രയിച്ച ഭരണമാണ് സംസ്ഥാനത്ത് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ആക്ട് കൊണ്ടുവരുമെന്നും അഭ്യസ്തവിദ്യർക്കു സ്വന്തം മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും വ്യക്തമാക്കി. അവസരങ്ങളുടെ അഭാവം മൂലം 66 ശതമാനം എൻജിനീയറിങ് ബിരുദധാരികൾക്കും അവരുടെ പഠനമേഖലയിൽ നിന്ന് മാറേണ്ടിവന്ന സാഹചര്യം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ സമഗ്രമായി നവീകരിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്, ജെനറ്റിക്സ്, സ്പേസ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുമെന്നും യുവാക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ശശി തരൂർ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് പോകാതെ തന്നെ ഉന്നത പഠനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിന്റെ യുവജന സംഘടനയായ യു.ഡി.വൈ.എഫും ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസും സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ, എ.ഐ.സി.സി നിരീക്ഷകൻ എച്ച്.സി.യോഗേഷ്, യു.ഡി.വൈ.എഫ് ചെയർമാൻ കെ.സാജൻ, കൺവീനർ മുഹമ്മദ് ആഷിക്ക്, എ.ഐ.പി.സി അംഗങ്ങളായ രാജീവ് രാമനാഥൻ, ആർ. ലക്ഷ്മി, ടി. അരുൺ, കെ.ജി. മഹേഷ് എന്നിവർ ഉൾപ്പെടെ 300-ലധികം യുവാക്കൾ പങ്കെടുത്തു.

Spread the News

Leave a Comment