anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

‘ സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

  തിരുവനന്തപുരം.   സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. ഏറെക്കാലമായുള്ള ആവശ്യത്തിനാണ് നിലവില്‍ പരിഹാരമായിരിക്കുന്നത്. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി “സ്പേസ് ” (Scrap Processing for Area Cleanup and Enhancement- SPACE) എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ (കെ.പി.എച്ച്.സി.സി.) നേതൃത്വത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോ (CERO) യുടെ സഹകരണത്തോടെയാണ്’ റീക്ലെയിം, റി ന്യൂ, റിവൈവ്’ എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ചെയര്‍മാനും കെ.പി.എച്ച്.സി.സി. മാനേജിംഗ് ഡയറക്ടര്‍ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നല്‍കുക.

പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ പോലീസ് സ്റ്റേഷന്‍ പരിസരം ശുചിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. വാഹനങ്ങള്‍ ലേലം ചെയ്യുന്ന ഏര്‍പ്പാട് നിലവിലുണ്ടെങ്കിലും അത് ശാശ്വത പരിഹാരമായിരുന്നില്ല. പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (കെ.പി.എച്ച്.സി.സി.) സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കഴിഞ്ഞ 35 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന ഏജന്‍സിയാണ് കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍. പോലീസ് കോര്‍ട്ടേഴ്സുകള്‍, ആധുനിക പോലീസ് സ്റ്റേഷനുകള്‍, മറ്റ് വകുപ്പുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവയെല്ലാം സമയബന്ധിതമായും ഗുണമേന്മയോടു കൂടിയും നിര്‍മ്മിച്ച് നല്‍കുന്നതില്‍ ഈ കോര്‍പ്പറേഷന്‍ അംഗീകാരം നേടി കഴിഞ്ഞു. നാളിതുവരെ ഏകദേശം 2000 കോടിയോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കെ.പി.എച്ച്.സി.സി ഏറ്റെടുത്ത് നടപ്പാക്കിക്കഴിഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് കെ പി എച്ച് സി സി ക്ക് എല്ലാവിധ പിന്‍തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ കേരള പോലീസ് ഹൗസിങ് & കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ആസ്ഥാനത്ത് ഉച്ചയോടെയാണ് ആഭ്യന്തരമന്ത്രി സന്ദര്‍ശനം നടത്തിയത്. എ.ഡി.ജി.പിയും കെ.പി.എച്ച്.സി.സി മാനേജിങ് ഡയറക്ടറുമായ ഗുഗുലോത്ത് ലക്ഷ്മണ്‍, സ്ഥാപനം ഏറ്റെടുത്ത് നടത്തുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച പ്രസന്‍റേഷന്‍ നടത്തി. സംസ്ഥാന പോലീസ് മേധാവിയും കെ.പി.എച്ച്.സി.സി ചെയര്‍മാനുമായ റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവും റിട്ടയേര്‍ഡ് ഡി.ജി.പിയുമായ എ. ഹേമചന്ദ്രന്‍, കെ പി.എച്ച്.സി.സി ചീഫ് എന്‍ജിനീയര്‍ ബിജു ദിവാകരന്‍, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ പി.കെ ശശീന്ദ്രന്‍, കെ.പി.എച്ച്.സി.സിയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തിയതിനുശേഷമാണ് മന്ത്രി മടങ്ങിയത്.

 

Spread the News

Leave a Comment

IMG 20260806 WA0051