anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴ ‘ഇമേജ്’ പ്ലാന്റിലെ അനാസ്ഥ ജനങ്ങളുടെ ജീവൻ വെച്ചുള്ള കളി; സർക്കാർ മൗനം അവസാനിപ്പിക്കണം – എസ്.ഡി.പി.ഐ

പാലക്കാട്: മലമ്പുഴ ഡാമിന് സമീപം പ്രവർത്തിക്കുന്ന ഐ.എം.എയുടെ ‘ഇമേജ്’ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ടൺ കണക്കിന് ബയോമെഡിക്കൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി ദുരന്തത്തിലേക്ക് നയിക്കുന്ന സാഹചര്യമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് അത്താണിക്കൽ പ്രസ്താവനയിൽ പറഞ്ഞു.

മനുഷ്യ ശരീരഭാഗങ്ങൾ, ഉപയോഗിച്ച സിറിഞ്ചുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അപകടകരമായ ബയോമെഡിക്കൽ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ കുന്നുകൂട്ടിയിരിക്കുന്നത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയുടെ തെളിവാണ്. പ്ലാന്റിലെ ഇൻസിനറേറ്ററുകൾ പ്രവർത്തനരഹിതമായിട്ടും അവ യഥാസമയം പ്രവർത്തനക്ഷമമാക്കാൻ തയ്യാറാകാത്തത് ജനങ്ങളുടെ ജീവനും ആരോഗ്യവും അവഗണിക്കുന്ന സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഈ വിഷമാലിന്യങ്ങൾ മലമ്പുഴ ഡാമിലേക്കും സമീപ ജലസ്രോതസ്സുകളിലേക്കും ഒലിച്ചിറങ്ങാനുള്ള സാധ്യത അതീവ ഗുരുതരമാണ്. ജില്ലയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ മലമ്പുഴ ഡാമിന്റെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. കുടിവെള്ളത്തിൽ ജൈവ-രാസ മാലിന്യങ്ങൾ കലർന്ന് പൊതുജനാരോഗ്യ പ്രതിസന്ധി ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളിൽ നിന്ന് കോടിക്കണക്കിന് രൂപ ഈടാക്കി മെഡിക്കൽ മാലിന്യം ശേഖരിക്കുന്ന സ്ഥാപനം അത് സുരക്ഷിതമായി സംസ്കരിക്കുന്നതിൽ പരാജയപ്പെടുകയും ജനവാസ മേഖലയെയും കുടിവെള്ള സ്രോതസ്സുകളെയും അപകടത്തിലാക്കുകയും ചെയ്യുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. എന്നിട്ടും മലിനീകരണ നിയന്ത്രണ ബോർഡും ബന്ധപ്പെട്ട വകുപ്പുകളും തുടരുന്ന നിശ്ശബ്ദത ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തകരാറിലായ ഇൻസിനറേറ്ററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കി മാലിന്യ സംസ്കരണം ഉടൻ പുനരാരംഭിക്കണം. മഴക്കാലത്ത് മലിനജലം മലമ്പുഴ ഡാമിലേക്കോ സമീപ ജലസ്രോതസ്സുകളിലേക്കോ ഒഴുകിപ്പോകാതിരിക്കാൻ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. പ്രദേശവാസികളുടെ ആരോഗ്യവും ജില്ലയിലെ കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിൽ സർക്കാർ ഇനിയും ഉദാസീനത തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് അത്താണിക്കൽ പ്രസ്താവനയിൽ വ്യക്തമാക്കി.

Spread the News

Leave a Comment

IMG 20260806 WA0051