anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കള്ളാടി മണ്ണിടിച്ചിൽ*: *18 പേർ അപകടത്തിൽപ്പെട്ടു* *മൂന്ന് മരണം സ്ഥിരീകരിച്ചു*

മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന്  മരണം സ്ഥിരീകരിച്ചു.  18 പേരാണ് അപകടത്തിൽപ്പെട്ടത്.  ഇവരിൽ 10 പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് അഞ്ച് പേർക്കായുള്ള  തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ  യോഗം ചേർന്നു.

പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.  കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ്  മണ്ണിടിച്ചിലുണ്ടായത്. മേപ്പാടി-ചൂരൽമല റോഡിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു.  മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിലേക്ക്  പതിച്ച മണ്ണ് നീക്കം ചെയ്യാനുള്ള  ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന പൊലീസിൻ്റെ സ്നിഫർ നായകളെ സ്ഥലത്ത് എത്തിച്ച് പരിശോധിക്കുന്നുണ്ട്.

പാലത്തിന് ഇരുവശങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലും ചൂരൽമല പള്ളി ഹാളിലും സൗകര്യമൊരുക്കി.  സ്കൂളിലേക്ക് പോയ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  പ്രദേശത്ത്  മഴയുള്ളതിനാൽ  തുരങ്ക പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയതിനാൽ  നിർമ്മാണ ജോലികൾ നടക്കുന്നുണ്ടായിരുന്നില്ല. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കർ ഉന്നതിയിലെ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും.
മീനാക്ഷി പാലത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത ശേഷം പാലത്തിൻ്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

അവലോകന യോഗത്തിൽ തിരുവമ്പാടി എം.എൽ.എ സി. കെ കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ,  ജില്ലാ പോലീസ് മേധാവി ദേവ മനോഹർ, എ.ഡി.എം കെ അജീഷ്, സബ് കലക്ടർ അതുൽ സാഗർ,  വാർഡ് അംഗം ജിതിൻ, ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment