പെരിന്തൽമണ്ണ. കലാരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആനമങ്ങാട് കലാക്ഷേത്ര ഗോപിനാഥൻ 60 തിന്റെ നിറവിലാണ്. ആനമങ്ങാട് പാങ്ങത്തൊടി നാരായണനെഴുത്തച്ഛൻ്റെയും, മാധവി അമ്മയുടെയും മൂന്നാമത്തെ പുത്രനായി 1966 ജൂൺ 25 ന് ഗോപിനാഥൻ ജനിച്ചു.
ഏഴ് വയസു മുതൽ തന്നെ ചിട്ടയായ ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങി. കലാമണ്ഡലം സുകുമാരനായിരുന്നു ആദ്യ ഗുരു. തുടർന്ന് ചെമ്പൈ കോദണ്ഡരാമയ്യർ, കലാമണ്ഡലം ഗംഗാധരൻ , കലാമണ്ഡലം രാമവാര്യർ , കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതത്തിന്റെ പാഠങ്ങൾ പഠിച്ച് സംഗീതം അഭ്യസിച്ചു വേദികളിൽ പാടികൊണ്ട് ഗോപിനാഥൻ സംഗീതത്തിന്റെ വഴികളിലെത്തി.തുർന്ന് മൃദംഗ പഠനം തുടങ്ങി ആദ്യ ഗുരുനാഥൻ കലാമണ്ഡലം ശിവദാസ് ആയിരുന്നു. തുടർന്ന് കുളക്കാട് കൃഷ്ണ അയ്യർ , കലാമണ്ഡലം സുബ്രഹ്മണ്യൻ എന്നിവരുടെ കീഴിൽ മൃദംഗ പഠനത്തിന് ശേഷം 1989 മുതൽ 1994 വരെ ചെന്നൈ അടയാർ കലാക്ഷേത്രത്തിൽ പാർട്ട് ടൈം മൃദംഗ പഠന വിദ്യാർത്ഥിയായിരുന്നു. കലാമണ്ഡലത്തിലെ ഗുരുക്കന്മാരുടെയും കലാക്ഷേത്രയിലെ ഗുരുക്കന്മാരുടെയും ശിക്ഷണത്തിൽ വളർന്ന ഗോപിനാഥൻ മൃദംഗത്തിലും സംഗീതത്തിലും ഒരുപോലെ ശോഭിച്ചു.സഹോദരി കലാമണ്ഡലം അംബിക നൃത്തത്തിൽ കഴിവു തെളിയിച്ച കലാകാരി ആയതുകൊണ്ട് തന്നെ നൃത്തത്തിന് മൃഗത്തിൽ അകമ്പടി സേവിക്കാനും ഗോപിനാഥന് കഴിഞ്ഞു. ചെന്നൈ അടയാർ കലാക്ഷേത്രത്തിലെ നൃത്ത അധ്യാപകനും ഗവേണിംഗ് ബോഡി മെമ്പറുമായ മറ്റൊരു സഹോദരൻ നരേന്ദ്രൻ ഗോപിനാഥന്റെ വളർച്ചയിൽ സഹായിച്ചു. സഹോദരി ദേവയാനിയും ഗോപിനാഥനെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ലായിരുന്നു. ഭാര്യ : രാജി മക്കൾ : കലാമണ്ഡലം കാർത്തിക, കീർത്തിക [സിവിൽ എൻജിനീയർ ] .മരുമക്കൾ: കലാമണ്ഡലം അഭിനന്ദ് [തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ സംഗീത കോളേജ് കേരളനടന വിഭാഗം ചെണ്ട അദ്ധ്യാപകൻ]. ഹരികൃഷ്ണൻ [Epson സർവീസ്എൻജിനീയർ ബഹ്റൈൻ ] എന്നിവർ അടങ്ങുന്നതാണ് ഗോപിനാഥന്റെ കുടുംബം.

കലാരംഗത്ത് 50 ആണ്ടുകളിൽ അധികം പിന്നിടുമ്പോൾ ഗോപിനാഥന് തികഞ്ഞ ചാരിതാർത്ഥ്യം ആണ്. കലാരംഗത്ത് തന്റെ കഴിവുകൾ പ്രകടിപ്പിച്ച ഗോപിനാഥനെ ആനമങ്ങാട് കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആദരിക്കുകയാണ്. വൈകിട്ട് നടക്കുന്ന ചടങ്ങിൽ കലാസാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. തന്റെ ജന്മനാട്ടിൽ നിന്നും കിട്ടുന്ന ഈ ആദരവ് മറ്റെന്തിനെക്കാളും മഹത്തരമാണെന്ന് ഗോപിനാഥൻ പറഞ്ഞു.
ഡോക്ടർ മുരളി മോഹൻ