തിരുവനന്തപുരം: അഴിമതിക്കെതിരായ ജനകീയ പോരാട്ടത്തിന് തുടക്കമിട്ട് ‘വിജിലൻസ് വിസിൽ’ മുഴങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിസിൽ മുഴക്കിയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ‘പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ’ പദ്ധതിക്ക് തുടക്കമിട്ടത്. ചലച്ചിത്ര താരം നിവിൻ പോളി ആദ്യ വിജിലൻസ് കമാൻഡോയായി.
അഴിമതി നടത്തുന്നത് ആരായാലും അത് ഞാനാണെങ്കിൽ പോലും ജനങ്ങൾ പ്രതികരിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. അഴിമതിയെ പൂജ്യത്തിൽ തളയ്ക്കാനുള്ള ജനകീയ മുന്നേറ്റമാണ് പ്രൊജക്റ്റ് സീറോ. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി, ജനങ്ങളുടെ ഫയലുകൾ മനഃപൂർവം വൈകിപ്പിക്കുന്നതും അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കൈക്കൂലി നൽകി കാര്യങ്ങൾ നേടിയെടുത്ത ഫയലുകൾ പോലും പുനഃപരിശോധിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്ന ആളുടെ ഈഗോ തൃപ്തിപ്പെടുത്തണമെന്ന് പറയുന്നതും അഴിമതിയാണ്. അത്തരത്തിൽ ഒരു അഴിമതിയും വച്ചുപൊറുപ്പിക്കാൻ ആവില്ല. വിജിലൻസിൽ ടെസ്റ്റ് നടത്തി താല്പര്യമുള്ളവരെ മാത്രമേ നിയമിക്കൂ. സത്യസന്ധരും ആത്മാർത്ഥമായി ജോലി ചെയ്യാൻ തയ്യാറുള്ളവരുമായ ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് ലക്ഷ്യം. യുവജനങ്ങളെയും വിദ്യാർഥികളെയും ‘വിജിലൻസ് കമാൻഡോകൾ’ ആയി അണിനിരത്തി അഴിമതിക്കെതിരായ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഴിമതി വിരുദ്ധ പ്രതിജ്ഞ നിവിൻ പോളി ചൊല്ലിക്കൊടുത്തു.
പ്രതികരണശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണസംവിധാനം സൃഷ്ടിക്കാൻ കഴിയൂവെന്ന് നടൻ നിവിൻ പോളി പറഞ്ഞു. കുറുക്കുവഴിയിലൂടെ മുന്നോട്ടു പോകുന്നവർക്കാണ് വിജയം എന്ന് സമൂഹത്തിൽ ചിന്ത ഉണ്ടാക്കിയിപ്പിക്കുന്നതും അഴിമതിയുടെ ഭാഗമാണ്. നേരായ വഴിയിലൂടെ സഞ്ചരിച്ചിട്ട് കാര്യമില്ലെന്ന തോന്നൽ സമൂഹത്തിൽ നിന്ന് മാറേണ്ടതുണ്ടെന്നും അതിന് ഇത്തരം ജനകീയ മുന്നേറ്റങ്ങൾ കരുത്താകും. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കും തെളിവുകൾ ആവശ്യപ്പെടും. അത് മികച്ചൊരു ഭരണത്തെ സൃഷ്ടിക്കാൻ ഉതകും. സമൂഹം നിലനിൽക്കുന്നത് നിയമത്തിലുള്ള വിശ്വാസത്തിലാണ്. ആ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സമൂഹത്തിന്റെ തകർച്ച ആരംഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സ്കൂൾ, കോളേജുകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ മന്ത്രിയിൽ നിന്ന് ബാഡ്ജ് സ്വീകരിച്ച് വിജിലൻസ് കമാൻഡോകളായി.
കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി വിശിഷ്ടാതിഥിയായി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ & ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് ആമുഖപ്രഭാഷണം നടത്തി. എസ്.പി (ഹെഡ്ക്വാർട്ടേഴ്സ്) എസ്. ആർ. ജ്യോതിഷ് കുമാർ ഐ.പി.എസ്, ലയോള സ്ഥാപനങ്ങളുടെ റെക്ടറും മാനേജരുമായ ഫാ. സണ്ണി കുന്നപ്പള്ളി എസ്.ജെ, ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ള, സി.ബി.എസ്.ഇ ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.