anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാനവിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് മന്ത്രി എൻ. ഷംസുദീൻ

 പാലക്കാട്.  സമൂഹത്തിൽ മാനവിക ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താൻ ഓണം നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. കേരളത്തിന്റെ പൈതൃകത്തിലേക്കും പാരമ്പര്യത്തിലേക്കുമുള്ള യാത്ര കൂടിയാണിത്. ലോകമെമ്പാടുമുള്ള മലയാളികളെ പരസ്പരം കോർത്തുപിടിക്കുന്നതാണ് ഓണത്തിന്റെ സന്ദേശം. രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ജില്ലാതല ഓണാഘോഷ പരിപാടി ‘ശ്രാവണപൊലിമ’യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നത് മുതൽ കാർഷിക സമൃദ്ധിയുടെയും ഒത്തൊരുമയുടെയും നാളുകളിലേക്കാണ് മലയാളി കടക്കുന്നത്. കേരളതനിമ വിളിച്ചോതുന്ന പരമ്പരാഗത നാടൻ കലാരൂപങ്ങളെ ഇത്തരം ആഘോഷങ്ങൾ വഴി സജീവമായി നിലനിർത്താനും പുതുതലമുറയ്ക്ക് മുൻപിൽ എത്തിക്കാനും ഇത്തരം പരിപാടികൾ മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.IMG 20260825 WA0244

ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ച് മലയാളികൾക്ക് മികച്ച രീതിയിൽ ഓണം ആഘോഷിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ കാര്യക്ഷമമായി നടപ്പാക്കിയതായി പരിപാടിയിൽ വിശിഷ്ടാതിഥിയായ പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. സിവിൽ സപ്ലൈസ്, സഹകരണം, കൃഷി തുടങ്ങിയ വകുപ്പുകൾ സംയോജിതമായി ശക്തമായ ഇടപെടലുകളാണ് നടത്തിയത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ മിതമായ നിരക്കിലും മികച്ച ഗുണമേന്മയിലും ജനങ്ങളിലേക്ക് എത്തിക്കാൻ നൂറുകണക്കിന് ഔട്ട്‌ലെറ്റുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രമേഷ് പിഷാരടി എം എൽ എ അധ്യക്ഷനായി. വി കെ ശ്രീകണ്ഠൻ എം പി, ഡി ടി പി സി ജില്ലാ സെക്രട്ടറി ഡോ. എസ് വി സിൽബർട്ട് ജോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.

വൈകിട്ട് പഞ്ചവാദ്യത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് കണ്യാർകളി, പൊറാട്ടുകളി, സിനിമാതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവ അരങ്ങേറി.

ഓഗസ്റ്റ് 28 വരെ രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു പുറമെ വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ വേദികളിലായാണ് ജില്ലയിലെ ഓണാഘാഷ പരിപാടികൾ നടക്കുന്നത്. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) എന്നിവയുടെ സംയുക്താഭി മുഖ്യത്തിലാണ് ഓണാഘോഷം നടക്കുന്നത്.

*ഓഗസ്റ്റ് 26 -തിരുവോണനാളിലെ പരിപാടികൾ*

ഓഗസ്റ്റ് 26 തിരുവോണ നാളിൽ രാപ്പാടി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30ന് ദേവാശ്രയം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ആറിന് രാമന്‍ സ്മാരക തിറ-പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിന്‍ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, രാത്രി 7.30ന് എസ്.എസ് മ്യൂസിക് ബാന്‍ഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ എന്നിവ ഉണ്ടായിരിക്കും.

വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ വൈകിട്ട് ആറിന് അനില്‍ ഏകലവ്യ ആലുവ അവതരിപ്പിക്കുന്ന ഗസല്‍, രാത്രി എട്ടിന് മിന്ത്യ ക്രിയേഷന്‍സിന്റെ മ്യൂസിക്കല്‍ നൈറ്റ് എന്നിവ നടക്കും.

ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വൈകിട്ട് അഞ്ചിന് സപ്തസ്വരം ഓര്‍ക്കസ്ട്രയുടെ ‘മെലോഡിയസ് ഹിറ്റ്‌സ്’, 6.30ന് സിനിമാ പിന്നണി ഗായകന്‍ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന ‘നാട്ടുഈണങ്ങള്‍’ എന്നിവ അരങ്ങേറും.

പോത്തുണ്ടി ഉദ്യാനത്തില്‍ വൈകിട്ട് 4.30ന് വിപിന്‍സ് നാട്യാലയയുടെ ‘നാട്യധ്വനി’, 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051