anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു

 മലപ്പുറം.  ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് വ്യവസായ- ഐ.ടി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. മലപ്പുറം നഗരസഭ വൈസ് ചെയർ പേഴ്സൺ ജിതേഷ് ജി. അനിൽ അധ്യക്ഷത വഹിച്ചു. മേളയുടെ ആദ്യവിൽപന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭ കൗൺസിലർ കെ.വി.ഗീത മോഹന് നൽകി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർഹാജി മേളയുടെ നറുക്കെടുപ്പ് കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികളുണർത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും യത്നിക്കണമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടന പ്രസംഗത്തിൽ ഓർമപ്പെടുത്തി.

കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലെ വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ, (മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടം, കോട്ടപ്പടി, മലപ്പുറം), ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാള്‍, ഖാദി സൗഭാഗ്യ താനൂര്‍, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ജില്ലയിലെ ഖാദി ഉല്പാദന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രാമ സൗഭാഗ്യകളിലും മേള സംഘടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപാധികളോടെ ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പില്‍ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സംസ്ഥാനതല മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാൾക്ക് റ്റാറ്റാ ടിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സ്‌ക്കൂട്ടറും മൂന്നാം സമ്മാനമായി 30 പേര്‍ക്കു് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൌച്ചറും ഉള്‍പ്പെടുന്ന സമ്മാന പദ്ധതിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 25 വരെയാണ് ഓണം- ഖാദി മേള നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ മലപ്പുറം നഗരസഭ കൗൺസിലർ കെ. യമുന, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.ഗിരീഷ്, കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം.കെ. ശ്യാം പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മാർക്കറ്റിങ് ഡയറക്ടർ കെ.ഷിബി സ്വാഗതവും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ കെ.എം. റാണി നന്ദിയും പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051