കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ചലച്ചിത്ര അക്കാദമി കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പുതുതായി പണി കഴിപ്പിച്ച എക്‌സിബിഷന്‍ ഹാളിന് മുന്‍ ചെയര്‍മാന്‍ കൂടിയായ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍.കരുണിന്റെ പേരിടുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അക്കാദമി സന്ദര്‍ശനവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ അനശ്വരനടന്‍ സത്യന്റെ സ്മാരകമായി നിര്‍മ്മിച്ച ആസ്ഥാനമന്ദിരവും സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് (സിഫ്ര) എന്ന ചലച്ചിത്രഗവേഷണ കേന്ദ്രവും ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് മന്ത്രി സന്ദര്‍ശിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി (ഇന്‍ ചാര്‍ജ്) സജിത്ത് സി.സി, ട്രഷറര്‍ രജികുമാര്‍ ആര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എച്ച്.ഷാജി, എന്‍.പി സജീഷ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
അക്കാദമിയുടെ മിനി തിയേറ്ററായ രാമു കാര്യാട്ട് 2K സ്‌ക്രീനില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി (ഇന്‍ ചാര്‍ജ്) സജിത്ത് സി.സി മന്ത്രി വിഷ്ണുനാഥിനെ പൊന്നാടയണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു.
കേരളത്തിലെ ചലച്ചിത്ര അക്കാദമി ഇന്ത്യയില്‍ തന്നെ വളരെ നല്ല നിലയില്‍ മുന്നോട്ടു പോകുന്ന സ്ഥാപനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇവിടെ നിരന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമുണ്ടെന്നും അക്കാദമിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ യാതൊരു അനിശ്ചിതത്വവുമില്ലെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി. അക്കാദമിയുടെ കലണ്ടർ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുപോകുകയാണ്.
ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് അയച്ചുകിട്ടിയ എന്‍ട്രികളുടെ സെലക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഐ.എഫ്.എഫ്.കെയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ച് വിജ്ഞാപനം നടത്തിയിട്ടുണ്ടെന്നും ഡിസംബര്‍ 11 മുതല്‍ 18 വരെ 31-ാമത് ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും മന്ത്രി അറിയിച്ചു. ഐ.എഫ്.എഫ്.കെയിലേക്ക് ഇന്നാണ് (ഓഗസ്റ്റ് ഒന്ന്) വിജ്ഞാപനം വന്നത്. അതിന് മുമ്പ്, സിനിമകളുടെ തിരഞ്ഞെടുപ്പ് പാതി വഴിയിൽ നിലച്ചു എന്ന വിധത്തിൽ വരുന്ന വാർത്തകൾ ശരിയല്ല. അവ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2025ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കുന്നതിനായി ജൂറി രൂപീകരിച്ച് ഉടന്‍ സ്‌ക്രീനിംഗ് ആരംഭിക്കും. 2024ലെയും 2025ലെയും ടെലിവിഷന്‍ അവാര്‍ഡുകള്‍ ഒരുമിച്ച് ഒരു ചടങ്ങില്‍ സമര്‍പ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
കൊച്ചിയില്‍ ജെ.സി ഡാനിയേല്‍ ഫിലിം സിറ്റിക്കായി സ്ഥലമേറ്റെടുക്കുന്നതിനുള്ള അന്തിമനടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്. സ്ഥലമെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ നൂറുദിനം തികയ്ക്കുന്നതിനു മുമ്പുതന്നെ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.