anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് ജില്ലയില്‍ വൈദ്യുതി മേഖലയില്‍ 59.11 ലക്ഷം രൂപയുടെ നഷ്ടം, 0.14 ഹെക്ടര്‍ കൃഷിനാശം*

 പാലക്കാട്. മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം വൈദ്യുതി മേഖലയില്‍ 59.11 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.അഞ്ച് ഹൈ ടെന്‍ഷന്‍ പോളുകള്‍ക്കും 87 ലോ ടെന്‍ഷന്‍ പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രണ്ട് സ്ഥലങ്ങളില്‍ എച്ച്.ടി ലൈനുകളും 243 ഇടങ്ങളില്‍ എല്‍.ടി ലൈനുകളും പൊട്ടിവീണു. കാര്‍ഷിക മേഖലയിലും കാലവർഷം വലിയ നാശ നഷ്ടമാണ് വരുത്തിയിരിക്കുന്നത് . നെന്മാറ അയിലൂരില്‍ രണ്ട് തെങ്ങുകളും ഷൊര്‍ണൂര്‍ ചളവറയില്‍ 0.1 ഹെക്ടര്‍ കിഴങ്ങുവര്‍ഗ വിളകളും ഉള്‍പ്പെടെ 0.14 ഹെക്ടറിലെ കൃഷി നശിച്ചു (15000 രൂപയുടെ നഷ്ടം). പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷിപുരം നന്ദിയോടില്‍ ഒരു കാലിത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു വീണു.

മഴ ശക്തമായ ജൂലൈ 30 മുതല്‍ ജില്ലയില്‍ നാല് വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അവസാന 24 മണിക്കൂറില്‍ പാലക്കാട് താലൂക്കിലെ പെരുവെമ്പ്, കൊടുമ്പ് വില്ലേജുകളില്‍ ഓരോ വീടുകള്‍ വീതം പൂര്‍ണമായി തകര്‍ന്നു. അകത്തേത്തറ, മലമ്പുഴ, അലനല്ലൂര്‍, തച്ചനാട്ടുകര, അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി, തൃത്താല, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശ്ശി, മംഗളം ഡാം, തിരുവേഗപ്പുറ തുടങ്ങിയ വില്ലേജുകളിലായി 14 വീടുകള്‍ക്കും ഭാഗികമായി കേടുപാടുകള്‍ ഉണ്ടായി.

നിലവില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഒറ്റപ്പാലം താലൂക്കിലെ ചെര്‍പ്പുളശ്ശേരി വില്ലേജില്‍പ്പെട്ട കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു ഡാമുകളാണ് ജില്ലയില്‍ തുറന്നത് (സമയം- 3.30 പി.എം). മംഗലം ഡാമില്‍ നിലവിലെ ജലനിരപ്പ് 76.67 മീറ്ററാണ്. ഡാമിന്റെ ആറ് സ്പില്‍വേ ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് 95.91 മീറ്ററിലെത്തിയതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നുവിട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ശരാശരി 14.05 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

ഇന്ന് (04/08/2026) മുതല്‍ 06/08/2026 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് (സമയം 1 പി.എം) ഇതുപ്രകാരം ശക്തം/ അതിശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051