anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുന്നംകുളത്ത് സ്വകാര്യ ബസ് അപകടത്തിൽ ബസ് ഡ്രൈവർ അബ്ദുൽ സലാം അറസ്റ്റിൽ..

കുന്നംകുളം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറുകളിലും ബൈക്കിലും അടക്കം നാലു വാഹനങ്ങളിൽ ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. കുന്നംകുളം പോർക്കുളം സ്വദേശി റിയ ഫാത്തിമ (17), കുന്നംപറമ്പ് അയ്യംപറമ്പ് സ്വദേശിനി തങ്കമണി (72) എന്നിവരാണ് മരിച്ചത്.

കുന്നംകുളത്തിനും പാറേമ്പാടത്തിനും മധ്യേ പെട്രോൾ പമ്പിന് തൊട്ടടുത്തായി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20 നായിരുന്നു അപകടം. എതിരെ വന്ന കാറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബസ്, മറ്റു മൂന്നു വാഹനങ്ങളിൽ കൂടി ഇടിച്ച ശേഷം വീടിന്റെ മതിലും ഗേറ്റും തകർത്താണ് നിന്നത്.

കാർ യാത്രക്കാരിയായ റിയ ഫാത്തിമ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്ക് യാത്രികരായ തങ്കമണിയും മകളുടെ ഭർത്താവായ കാണിപ്പയ്യൂർ സ്വദേശി ജോബിൻ ജോർജും സഞ്ചരിച്ച വാഹനത്തിലാണ് ബസ് പ്രധാനമായും ഇടിച്ചത്. ഗുരുതര പരുക്കേറ്റ ജോബിൻ ജോർജ് (42) തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജ്വല്ലറി മാനേജരാണ് ജോബിൻ. കാർ യാത്രക്കാരിയായ ചാലിശേരി സ്വദേശിനി നസീമയെ ഗുരുതര പരുക്കുകളോടെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാരുടെ മൊഴിയിൽ വ്യക്തമാണ്. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും സമയക്രമത്തിലെ വ്യത്യാസങ്ങളുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ആരോപിക്കുന്നു.

അപകടം നടന്നയുടൻ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വീടിന്റെ മുൻവശത്ത് ആ സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവസ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

അപകടത്തിന് കാരണക്കാരായ ബസുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അമിതവേഗത നിയന്ത്രിക്കാൻ സ്പീഡ് ഗവേണർ അടക്കമുള്ളവ കർശനമായി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Spread the News

Leave a Comment

IMG 20260806 WA0051