anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ‘കൈവല്യ’ പദ്ധതി അട്ടിമറി: 84 അപേക്ഷകളിൽ ഒരാൾക്കും വായ്പയില്ല; അർഹരുടെ അവകാശം നിഷേധിക്കുന്നു – റഷീദ് പുതുനഗരം

പാലക്കാട്: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തി അന്തസ്സോടെ ജീവിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘കൈവല്യ’ സ്വയംതൊഴിൽ വായ്പാ പദ്ധതി പാലക്കാട് ജില്ലയിൽ തകർന്ന നിലയിലാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നതായി എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം പറഞ്ഞു.

2025 ജനുവരി ഒന്നുമുതൽ പാലക്കാട് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ‘കൈവല്യ’ പദ്ധതിയിലേക്ക് സമർപ്പിക്കപ്പെട്ട 84 അപേക്ഷകളിൽ ഒരാൾക്ക് പോലും ഇതുവരെ വായ്പയോ ധനസഹായമോ അനുവദിച്ചിട്ടില്ല. അപേക്ഷകളിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണെന്ന വിവരമാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കേണ്ട സർക്കാർ പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെയും ചുവപ്പുനാടയുടെയും ഇരയായി മാറിയിരിക്കുകയാണ്. അർഹരായ ഗുണഭോക്താക്കളുടെ അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമെടുക്കാത്തത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണ്.
സ്വന്തമായി ഉപജീവനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുത്ത നിരവധി ഭിന്നശേഷിക്കാരാണ് മാസങ്ങളായി കാത്തിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഇത്തരത്തിൽ അനിശ്ചിതത്വത്തിലാക്കുന്നത് അംഗീകരിക്കാനാവില്ല.
ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും എംപ്ലോയ്‌മെന്റ് അധികൃതരും അടിയന്തരമായി ഇടപെട്ട് കെട്ടിക്കിടക്കുന്ന മുഴുവൻ അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനമെടുക്കുകയും അർഹരായവർക്ക് വായ്പയും ധനസഹായവും ഉടൻ അനുവദിക്കുകയും വേണം.
‘കൈവല്യ’ പദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും അപേക്ഷകൾ കെട്ടിക്കിടക്കാനുള്ള കാരണവും ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും കണ്ടെത്തുകയും വേണം. സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങാതെ അർഹരായവർക്ക് യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
അർഹരായ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഇനിയും നിഷേധിക്കുന്ന സാഹചര്യം തുടർന്നാൽ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശക്തമായ ജനകീയ സമരങ്ങൾക്കും നിയമപരമായ നടപടികൾക്കും എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം മുന്നറിയിപ്പ് നൽകി.

 

 

Spread the News

Leave a Comment

IMG 20260806 WA0051