anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷൻ സൗന്ദര്യ പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജസൗന്ദര്യ വർദ്ധക വസ്തുക്കൾ : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി 10ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടിയതായി ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ജൂലൈ അവസാനവാരത്തോടെ ഓപ്പറേഷൻ സൗന്ദര്യയുടെ നാല് ഘട്ടം പിന്നിട്ടപ്പോഴുള്ള കണക്കാണിത്. വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കി വരുന്ന “ഓപ്പറേഷൻ സൗന്ദര്യ” യുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടികൂടിയത്. ഓപ്പറേഷൻ സൗന്ദര്യയുടെ ആദ്യഘട്ടത്തിൽ 5,09,303 രൂപ, രണ്ടാംഘട്ടം 2.50 ലക്ഷം, മൂന്നാംഘട്ടം 1.50 ലക്ഷം, നാലാം ഘട്ടം 55,000 രൂപ എന്നിങ്ങനയാണ് പിടിച്ചെടുത്ത വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മൂല്യം. കോസ്‌മെറ്റിക്സ് റൂൾസ്, 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ കോസ്‌മെറ്റിക്സ് നിർമ്മാണ ലൈസൻസുകളില്ലാതെ നിർമ്മിച്ച്/വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടിയവയിൽ ഉൾപ്പെടുന്നു.

കൗമാര പ്രായക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, ഡ്രഗ്സ് ഇന്റലിജിൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൗന്ദര്യയിലൂടെ സംസ്ഥാന വ്യാപക പരിശോധനകൾ നടത്തി ഇത്തരം ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ച് വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേക്ക് അയച്ചു.

ഇതിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതലായി മെർക്കുറിയുടെ അംശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവ വിപണിയിൽ നിന്നും പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും നിയമം ലംഘിച്ചു കൊണ്ട് ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഫേസ് ക്രീമുകളിൽ 1% പി.പി.എം (പാർട്സ് പെർ മില്ല്യൺ) മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ കേരളത്തിലെ വിപണിയിൽ നിന്ന് പിടികൂടിയ ഫൈസ (faiza), ഗോറി (goree) എന്നീ ഫേസ്ക്രീമുകളിൽ 20,000 വരെ പി.പി.എം മൂല്യം കണ്ടെത്തി. ഇത് ഗുരുതര ത്വക്ക് രോഗങ്ങൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകും. പാകിസ്ഥാൻ നിർമ്മിതമായ ഈ ക്രീമുകൾ പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് വിപണിയിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുത്. ഇവ വിപണിയിലെത്തുന്നത് തടയാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കർശന നിർദ്ദേശം നൽകി.

ഇത് കൂടാതെ ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി.

ചില ഉൽപ്പന്നങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗത്തിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യം നിലവിലുള്ളതായി ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മുഖചർമ്മം വെളുപ്പിക്കുന്നതിനുള്ള ക്രീമുകൾ ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങളുടെ അമിതവും ദീർഘകാലവുമായ ഉപയോഗം സംബന്ധിച്ച് പൊതുജനാരോഗ്യപരമായ ആശങ്കകൾ നിലനിൽക്കുന്നു. അതിനാൽ, നിയമാനുസൃതമായ ലൈസൻസുകളോടെ നിർമ്മിക്കുന്നതും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമേ വിപണിയിൽ ലഭ്യമാകുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പിന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.

ഉപഭോക്താക്കളിലും ഇത് സംബന്ധിച്ച അവബോധം അനിവാര്യമാണ്. ഇത്തരം സൗന്ദര്യ വർദ്ധക വസ്തുക്കൾ മതിയായ നിർമ്മാണ ലൈസൻസോടെ നിർമ്മിച്ചതാണോ,നിർമ്മാതാവിന്റെ പേരും പൂർണ്ണ വിലാസവും ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ, ആവശ്യമായ ലേബലിംഗ് വിവരങ്ങൾ ലഭ്യമാണോ തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കി വേണം സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങാൻ.

സംശയാസ്പദമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളെയും നിയമലംഘനങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ-ഫ്രീ ഹെൽപ്‌ലൈൻ 1800-425-3182 മുഖേനെ പരാതിപ്പെടാം.

 

Spread the News

Leave a Comment

IMG 20260806 WA0051