anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നക്ഷത്രമല്ല, ബഹിരാകാശ നിലയം; കേരളത്തിന്റെ ആകാശത്ത് മിന്നിത്തിളങ്ങി ISS

 

ചെർപ്പുളശ്ശേരി: വെള്ളിയാഴ്ച സന്ധ്യയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആകാശത്തേക്ക് നോക്കിയവർക്ക് കൗതുകക്കാഴ്ചയായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS). നക്ഷത്രത്തെപ്പോലെ അത്യന്തം പ്രകാശമുള്ള ഒരു ബിന്ദു ആകാശത്തിലൂടെ നീങ്ങുന്നതാണ് പലരും കണ്ടത്.

സെപ്റ്റംബർ 4ന് രാത്രി 7.46ഓടെ കേരളത്തിന്റെ ആകാശത്ത് ISS ദൃശ്യമാകുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു. തിരുവനന്തപുരത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം തെക്കുപടിഞ്ഞാറൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട നിലയം വടക്കൻ ദിശയിലേക്ക് നീങ്ങി ഏതാനും മിനിറ്റുകൾക്കുശേഷം മറഞ്ഞു. തിരുവനന്തപുരത്ത് ഏകദേശം നാലു മിനിറ്റോളം ദൃശ്യമാകുമെന്നായിരുന്നു കണക്ക്.

കൊച്ചിയിലെ കണക്കനുസരിച്ച് രാത്രി 7.47ന് പ്രത്യക്ഷപ്പെട്ട ISS ഏകദേശം മൂന്നര മിനിറ്റോളം കാണാൻ കഴിയുന്ന തരത്തിലായിരുന്നു സഞ്ചാരം. അതിനാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്ന സമയത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകാം.

ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലൂടെ മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.

ISS സ്വയം പ്രകാശം പുറപ്പെടുവിക്കുന്ന ഒരു നക്ഷത്രമല്ല. സൂര്യപ്രകാശം നിലയത്തിന്റെ വലിയ സോളാർ പാനലുകളിലും മറ്റ് ഭാഗങ്ങളിലും പതിച്ച് പ്രതിഫലിക്കുന്നതിനാലാണ് ഭൂമിയിൽനിന്ന് തിളക്കമുള്ള വസ്തുവായി കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ അനുകൂല സാഹചര്യങ്ങളിൽ ടെലിസ്കോപ്പിന്റെ സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ടും കാണാൻ സാധിക്കും.

ഡോക്ടർ പി മുരളി മോഹൻ അനുഗ്രഹ വിഷൻ ന്യൂസ്

 

Spread the News

Leave a Comment

IMG 20260806 WA0051