anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് പഴയ കെട്ടിടം ഇനിയും പൊളിച്ചു മാറ്റിയിട്ടില്ല

ചെർപ്പുളശ്ശേരി. പഴയ ഒരു സിനിമയിൽ ഒരു തേങ്ങ ഉടയ്ക്കുന്ന സീൻ ഉണ്ട്. ഇപ്പൊ പൊട്ടിക്കും എന്നുപറയുകയും ചാടി ചാടി നിൽക്കുകയും ചെയ്യുന്ന ഒരു സീൻ. അതാണ് ഇപ്പോൾ ചെർപ്പുളശ്ശേരി പഴയ ബസ്റ്റാൻഡ് പൊളിയുമായി ബന്ധപ്പെട്ട വാർത്ത ചെയ്യുമ്പോൾ തോന്നുന്നത്. എത്രയോ വാർത്തകൾ ചെയ്തിട്ടും കെട്ടിടം പൊളി ഇപ്പോഴും തിരുനക്കര തന്നെയാണ്. മെയ് 30നാണ് പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ  ഭാഗത്തുള്ള പുതിയ ബസ്റ്റാൻഡിലേക്ക് ബസ്സുകൾ കയറി തുടങ്ങിയത്. അന്നു തുടങ്ങിയ പൊളിക്കലാണ് ഇന്നും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അധികാരികൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് പൊളിച്ചാൽ മാത്രം പോരാ അവശിഷ്ടങ്ങൾ മുഴുവൻ നീക്കം ചെയ്ത് പുതിയ ബസ്സ്റ്റാൻഡിന് തറക്കല്ലിടുകയും  യുദ്ധ കാലടിസ്ഥാനത്തിൽ തന്നെ അത് പൂർത്തിയാക്കുകയും വേണം. എന്നാൽ പുതിയ ബസ്സ്റ്റാന്റുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ പല കോണുകളിൽ ആയി പറഞ്ഞു കേട്ടു തുടങ്ങിയിട്ടുണ്ട്. അത് സത്യമാണോ അസത്യമോ എന്നൊന്നും നോക്കാനുള്ള ബാധ്യത ജനങ്ങൾക്കില്ല. ഇപ്പോഴുള്ള ബസ്റ്റാൻഡ് അസൗകര്യങ്ങളുടെ നടുവിലാണ് എന്ന്  ഏതൊരാൾക്കും അറിയുകയും ചെയ്യാം. പഴയ ബസ്റ്റാൻഡ് പൊളിച്ച് പുതിയ ബസ്റ്റാൻഡ് വരുമെന്ന് ഒരു സ്വപ്നം മാത്രമായി ചെർപ്പുളശ്ശേരിക്കാർക്ക് കാണാനാകും. കാരണം എത്രയോ വർഷങ്ങൾക്കു മുമ്പ് നാമമാത്രമായ ബസ്സുകൾക്ക് പാർക്കിങ്ങിനു വേണ്ടി ഉണ്ടാക്കിയ ചെറിയ ഒരു സ്ഥലം മാത്രമാണ് ആ ബസ് സ്റ്റാൻഡിനുള്ളത്. എത്രയോ ബസ്സുകൾ കൂടുകയും ജനങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ ഇനി പഴയ സ്ഥലത്ത് ബസ്റ്റാൻഡ് നിർമിച്ചാലും അത് ആർക്കും ഒരു പ്രയോജനവും ഇല്ലാതെയായി തീരും. പുതിയ ബസ് സ്റ്റാൻഡിനുള്ള സ്ഥലം എടുപ്പ്  വലിയ പ്രയാസം ആയി മാറിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നഗരസഭ അനുഭവിക്കുന്നത്. ക്ഷേത്ര പരിസരത്തുള്ള ബസ്റ്റാൻഡ് ആകട്ടെ യാതൊരു സൗകര്യവുമില്ല എന്ന് മാത്രമല്ല ജനങ്ങൾക്ക് ഒരുപാട് പ്രയാസങ്ങളും ഉണ്ടാക്കുന്നുണ്ട്. ദീർഘവീക്ഷണം ഇല്ലാത്ത അധികാരികളുടെ പിടിപ്പുകേടു മൂലം ദുരിതങ്ങൾ അനുഭവിക്കുന്നത് ജനങ്ങളാണ് എന്നതാണ് സത്യമായ വസ്തുത.

Spread the News

Leave a Comment

IMG 20260806 WA0051