anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഗോപാലപുരം–ഇരട്ടക്കുളം റോഡ് അടിയന്തരമായി നവീകരിക്കണം; പൊതുമരാമത്ത് വകുപ്പ് കുഴിയടയ്ക്കൽ നടപടിയല്ല, സമഗ്ര പുനർനിർമാണം നടത്തണം: ഉമ്മർ അത്തിമണി

പാലക്കാട്: പാലക്കാട് ജില്ലയിലെ പ്രധാന ഗതാഗത പാതകളിലൊന്നായ പൊള്ളാച്ചി–പാലക്കാട് റോഡിൽ ഗോപാലപുരം മുതൽ ഇരട്ടക്കുളം വരെയുള്ള ഭാഗം കാലങ്ങളായി കുണ്ടും കുഴിയുമായി തകർന്നുകിടന്നിട്ടും സമഗ്രമായ നവീകരണത്തിന് നടപടിയെടുക്കാത്തത് ജനങ്ങളോടുള്ള കടുത്ത അവഗണനയാണെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി ഉമ്മർ അത്തിമണി പറഞ്ഞു.

ഗോപാലപുരം മുതൽ ഇരട്ടക്കുളം വരെയുള്ള റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരടക്കമുള്ളവർ അപകടഭീഷണി നേരിട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികളുടെ ആഴം പോലും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. ഇടയ്ക്കിടെ ചില കുഴികൾ അടയ്ക്കുന്ന താൽക്കാലിക നടപടികളല്ലാതെ റോഡ് പൂർണമായും നവീകരിക്കുന്നതിന് കാര്യമായ ഇടപെടലുണ്ടായിട്ടില്ല.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മത്സ്യം, പച്ചക്കറി, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുമായി നിരവധി വാഹനങ്ങൾ കടന്നുവരുന്ന പ്രധാന പാതയാണിത്. കേരളത്തിന്റെ വ്യാപാര-ചരക്ക് ഗതാഗതത്തിന് ഏറെ പ്രാധാന്യമുള്ള റോഡ് ഇത്രയും കാലം തകർന്നുകിടക്കുന്നത് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണിച്ചെലവ് വർധിക്കുന്നതും യാത്രാസമയം കൂടുന്നതും ചരക്ക് ഗതാഗതത്തെ ബാധിക്കുന്നതും ഇതിന്റെ പ്രത്യാഘാതങ്ങളാണ്.
മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മണ്ഡലമായിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ സുമേഷ് അച്യുതനാണ് എം.എൽ.എ. മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നിന്റെ ദുരവസ്ഥ ഇത്രയും കാലമായി തുടരുമ്പോഴും വിഷയത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ദൈനംദിന യാത്രയെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികാരികളും മൗനം വെടിയണം.
പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെട്ട് ഗോപാലപുരം മുതൽ ഇരട്ടക്കുളം വരെയുള്ള റോഡിന്റെ നിലവാരം പരിശോധിക്കുകയും കേടുപാടുകൾ ശാസ്ത്രീയമായി വിലയിരുത്തുകയും വേണം. നിലവാരമില്ലാത്ത താൽക്കാലിക കുഴിയടയ്ക്കൽ അവസാനിപ്പിച്ച് റോഡ് പൂർണമായും പുനർനിർമിക്കുന്നതിനുള്ള അടിയന്തര പദ്ധതി തയ്യാറാക്കി പ്രവൃത്തി ആരംഭിക്കണം. റോഡിന്റെ വീതിയും ഗതാഗതത്തിരക്കും പരിഗണിച്ച് ആവശ്യമായ രീതിയിൽ ടാറിങ് നടത്തി ഗുണനിലവാരം ഉറപ്പാക്കുകയും പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം.
ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ ഇനി അനാസ്ഥ തുടരാൻ അനുവദിക്കാനാകില്ല. പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ഉമ്മർ അത്തിമണി മുന്നറിയിപ്പ് നൽകി.

Spread the News

Leave a Comment

IMG 20260806 WA0051