anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പന്താണ് ലഹരി… ചെർപ്പുളശ്ശേരിയിൽ കാൽപന്തുകളിയുടെ ആരവം ഉയർന്നു

ചേർപ്പുളശ്ശേരിക്ക് ഇനി ഫുട്ബോൾ ലഹരിയുടെ ദിനരാത്രങ്ങൾ. കാൽപ്പന്തുകളിയുടെ ആവേശവും ആരവങ്ങളും കൊണ്ട് നാടിന്റെ കായികമനസ്സ് വീണ്ടും ഉണരുകയാണ്. മൈതാനങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിച്ച് ഒരു നാട് കാത്തിരുന്ന ഫുട്ബോൾ ഉത്സവത്തിന് തിരശ്ശീല ഉയർന്നിരിക്കുന്നു.

ചേർപ്പുളശ്ശേരി ഹൈസ്കൂൾ മൈതാനിയിൽ ഒരുക്കിയ പടുകൂറ്റൻ ഗാലറിയെ സാക്ഷിയാക്കി, ഫ്ലഡ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ തീ പാറുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആദ്യ വിസിൽ മുഴങ്ങി. പകലിന്റെ തിരക്കുകൾക്ക് വിരാമമിട്ട് രാത്രിയുടെ നിലാവും വെളിച്ചവും ഏറ്റുവാങ്ങി പന്തുരുളുമ്പോൾ ഗാലറികളിൽ നിറയുന്ന ആവേശവും കാണികളുടെ ആർപ്പുവിളികളും ചേർപ്പുളശ്ശേരിയെ മറ്റൊരു ഫുട്ബോൾ ഉത്സവത്തിന്റെ നിറവിലേക്കാണ് നയിക്കുന്നത്.

ഉദ്ഘാടന മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥികളുടെയും കായികപ്രേമികളുടെയും സാന്നിധ്യത്തിൽ  പി. മമ്മിക്കുട്ടി എം.എൽ.എ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷി മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ആർ.ഡി.ഒ മജീദ്, ചേർപ്പുളശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ ജംസിയ എന്നിവർ ആശംസകൾ നേർന്നു.

കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ചേർപ്പുളശ്ശേരിയുടെ പ്രഗത്ഭരായ മുൻകാല ഫുട്ബോൾ താരങ്ങളുടെ ചിത്രങ്ങൾ കോർത്തിണക്കി ഒരുക്കിയ ബാനർ ഏറെ ഹൃദ്യമായിരുന്നു. ഒരുകാലത്ത് ഈ മൈതാനങ്ങളെ തങ്ങളുടെ കാലടികൾകൊണ്ട് ആവേശഭരിതമാക്കിയ, പന്തുകളിയുടെ പെരുമയ്ക്ക് സ്വന്തം വിയർപ്പും കഴിവും നൽകിയ ആ പഴയകാല പ്രതിഭകളുടെ മുഖങ്ങൾ വീണ്ടും കാണുമ്പോൾ പലരുടെയും മനസ്സിൽ മധുരമുള്ള കളിയോർമകൾ തിരതല്ലി. കാലം മായ്ക്കാത്ത ആ ഓർമകൾക്ക് മുന്നിൽ ഒരു നിമിഷം നിന്നുപോകാൻ കാണികളെ പ്രേരിപ്പിച്ച ആ കാഴ്ച, ടൂർണമെന്റിന്റെ ആഘോഷത്തിന് കൂടുതൽ വൈകാരികമായൊരു മാനം നൽകി.

ചടങ്ങിലെ ഏറ്റവും ഹൃദ്യവും വൈകാരികവുമായ നിമിഷം ചേർപ്പുളശ്ശേരിയുടെ ഫുട്ബോൾ ചരിത്രത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ മുൻകാല കാൽപ്പന്തുകളിക്കാരെ ആദരിച്ച വേളയായിരുന്നു.

ഒരുകാലത്ത് ഈ മൈതാനങ്ങളിൽ പന്തിനുപിന്നാലെ പാഞ്ഞവരും കാലുകളുടെ മാന്ത്രികതകൊണ്ട് കാണികളുടെ ഹൃദയം കീഴടക്കിയവരും തങ്ങളുടെ കളിമികവിലൂടെ നാടിന്റെ ഫുട്ബോൾ പെരുമ ഉയർത്തിയവരുമായ പഴയ തലമുറയെ ആദരിക്കുമ്പോൾ, അത് ഏതാനും വ്യക്തികൾക്കുള്ള ഉപഹാരസമർപ്പണം മാത്രമായിരുന്നില്ല. മറിച്ച്, ഒരു നാടിന്റെ ഫുട്ബോൾ ഓർമ്മകൾക്കുള്ള സ്നേഹാദരവായിരുന്നു. കാലം മായ്ച്ചുകളയാത്ത അവരുടെ കളിയോർമ്മകൾക്കും സംഭാവനകൾക്കും മുന്നിൽ പുതിയ തലമുറയുടെ ആദരവ് കൂടിയായിരുന്നു ആ നിമിഷങ്ങൾ.

തുടർന്ന് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇസ്സ ഗ്രൂപ്പ് ചേർപ്പുളശ്ശേരിയും ലക്കി സോക്കർ കോട്ടപ്പുറവും ഏറ്റുമുട്ടി. ആദ്യ വിസിൽ മുതൽ അവസാന നിമിഷം വരെ വീറും വാശിയും ആവേശവും നിറഞ്ഞ പോരാട്ടം. ഓരോ മുന്നേറ്റത്തിലും ഓരോ നീക്കത്തിലും ഗാലറികളിൽ ആവേശം അലയടിച്ചു. ഒടുവിൽ 3-1 എന്ന സ്കോറിന് ഇസ്സ ഗ്രൂപ്പ് ചേർപ്പുളശ്ശേരി വിജയത്തിന്റെ മധുരം സ്വന്തമാക്കി.

ഇത് കേവലം ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ തുടക്കമല്ല. ചേർപ്പുളശ്ശേരിയുടെ കായികപാരമ്പര്യത്തിന്റെയും തലമുറകളിലൂടെ കൈമാറിവന്ന ഫുട്ബോൾ പ്രണയത്തിന്റെയും ആഘോഷമാണ്. പഴയ തലമുറയുടെ ഓർമ്മകളും പുതിയ തലമുറയുടെ ആവേശവും ഒരേ മൈതാനത്ത് സംഗമിക്കുന്ന അപൂർവമായൊരു കാഴ്ച കൂടിയാണിത്.

ചിലർക്ക് ഫുട്ബോൾ ഒരു കളിയാണ്. മറ്റു ചിലർക്ക് അതൊരു വിനോദം. എന്നാൽ ചേർപ്പുളശ്ശേരിക്ക് അതിലുമപ്പുറമാണ്. ഇവിടെ ഫുട്ബോൾ ഒരു വികാരമാണ്. മൈതാനത്തെ ഓരോ പാസിലും ഓരോ ഗോളിലും തുടിക്കുന്ന ഹൃദയതാളമാണ്. ഗാലറിയിലെ ഓരോ ആർപ്പുവിളിയിലും പ്രകടമാകുന്ന ആവേശമാണ്.
ഇവിടെ പന്ത് വെറുമൊരു കളിയുപകരണമല്ല… അതൊരു ലഹരിയാണ്, ഒരു വികാരമാണ്, തലമുറകളെ ഒന്നിപ്പിക്കുന്നൊരു പ്രണയമാണ്, ഒരു ജനതയുടെ ഹൃദയമിടിപ്പാണ്!

റിപ്പോർട്ട്  സൈഫു മാട്ടറ

Spread the News

Leave a Comment

IMG 20260806 WA0051