അട്ടപ്പാടി. പട്ടികവർഗ മേഖലകളിലെ ആരോഗ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രമേഖലകളിൽ മൊബൈൽ മെഡിക്കൽ ക്ലിനിക് ആംബുലൻസ് സേവനം ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് അട്ടപ്പാടി അഗളി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നിർവഹിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഗോത്രമേഖലകളിൽ സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകൾ വഴി ആരോഗ്യസേവനം ലഭ്യമാക്കും.
പാലക്കാട് ജില്ലയ്ക്ക് അനുവദിച്ച രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനം എൻ.എച്ച്.എം യൂണിറ്റുകൾ എത്തുന്നതുവരെ അട്ടപ്പാടിയിൽത്തന്നെ നിലനിർത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു.
ചടങ്ങിൽ എൻ.എച്ച്.എം പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിയാസ് ബി., അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേലു, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര ഡി.എസ്., അട്ടപ്പാടി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, ഐ.ടി.ഡി.പി അട്ടപ്പാടി പ്രോജക്ട് ഓഫീസർ വി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജി.വി.കെ., ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ്, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.