.കണ്ണൂർ ജില്ലാ കളക്‌ട്രേറ്റിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ വിഷയങ്ങൾ വകുപ്പ് തല അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തത നൽകുന്ന റവന്യൂ അഡിഷണൽ ചീഫ് സെക്രെട്ടറിയുടെ കത്ത് പുറത്ത് വന്നു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീതയെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ചുമതലപ്പെടുത്തിയിരുന്നു . ഇവർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ . വിജയനെതിരെ അച്ചടക്ക നടപടി ശുപാർശ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രെട്ടറിയ്ക്ക് അപ്പീൽ അപേക്ഷ സമർപ്പിച്ചിരുന്നു . പ്രസ്തുത അപ്പീൽ അപേക്ഷയ്ക്ക് അഡ്വ. കുളത്തൂർ ജയ്‌സിങിന് ലഭിച്ച മറുപടി കത്തിലാണ് റവന്യൂ വകുപ്പിന്റെ ചില വിചിത്ര നിലപാടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
പെട്രോൾ പമ്പ് തുടങ്ങുന്നതിന് ആവിശ്യമായ നിരാക്ഷേപ പത്രം നൽകുന്നതിൽ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു കാലതാമസം വരുത്തിയോ എന്നും ഇതിനായി പ്രതിഫലം വാങ്ങിയോ എന്ന വിഷയങ്ങൾ മാത്രമാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ പരിധിയിൽ വന്നതെന്നാണ് റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കത്തിൽ വ്യക്തമാക്കുന്നത് . ഇതിൽ നിന്നും നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ഉണ്ടായ വിഷയങ്ങൾ വകുപ്പ് തല അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തതയാണ് ഇതിലൂടെ ഇപ്പോൾ റവന്യൂ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത് . പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നതിന് നവീൻ ബാബു കാലതാമസം വരുത്തിയതായി കാണിച്ചോ , നിരാക്ഷേപ പത്രം അനുവദിക്കുന്നതിന് കൈക്കൂലി ആവിശ്യപ്പെട്ടതായോ മറ്റുമുള്ള യാതൊരു പരാതിയും നവീൻ ബാബുവിന് എതിരെ ലഭിച്ചിട്ടില്ലെന്ന് സർക്കാർ തന്നെ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടി നൽകിയിരുന്നു . നവീൻ ബാബുവിനെതിരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പും വിജിലൻസ് ഡയറക്ട്രേറ്റും, കണ്ണൂർ കളക്ട്രേറ്റും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളിൽ സർക്കാറിന് ലഭിക്കാത്ത പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് തല അന്വേഷണത്തിന് നിയമ സാധ്യതയില്ല.
സർക്കാർ ജീവനക്കാരനെതിരെയുള്ള വകുപ്പ് തല അന്വേഷണത്തിന് തെളിവുകളും ജീവനക്കാരന്റെ ഭാഗവും ആവിശ്യമാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു . പരാതി ഇല്ലാത്ത സാഹചര്യത്തിൽ മരണപ്പെട്ടയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നിയമ വിരുദ്ധമാണ്. കണ്ണൂർ കളക്ട്രേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ഉണ്ടായ വ്യക്തിഹത്യയ്ക്ക് അവസരം ഉണ്ടായതിൽ ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ വകുപ്പ് തല അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരവും യഥാർത്ഥ വസ്തുതകളിൽ വകുപ്പ് തല അന്വേഷണവും നടന്നിട്ടില്ലെന്ന വിവരവുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ യഥാർത്ഥ വസ്തുതകളിൽ വകുപ്പ് തല അന്വേഷണം നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത് .