anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും* * ഇലക്ട്രിക്കല്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

പാലക്കാട്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈദ്യുത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഓഡിറ്റ് നടത്തും. വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണ ക്ലാസുകളും നല്‍കും. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഇലക്ട്രിക്കൽ ആക്‌സിഡന്റ് പ്രിവൻഷൻ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്.
കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി വൈദ്യുതാഘാതം മൂലം മരണപ്പെട്ടതിനെത്തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശമനുസരിച്ചാണ് യോഗം ചേർന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈദ്യുത അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
‘സേഫ്റ്റി സ്റ്റാർട്ടഡ് ഫ്രം സ്കൂൾ’ പദ്ധതിയിലൂടെ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലും, സ്കൂൾ, കോളേജ്, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇലക്ട്രിക്കൽ സേഫ്റ്റി ഓഡിറ്റ് നടത്തി പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരം കണ്ടെത്തണം. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ഓഡിറ്റ് നടക്കുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മുകളിലൂടെ സജീവമായ ഇലക്ട്രിക്കൽ ലൈനുകൾ കടന്നുപോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കെ.എസ്.ഇ.ബിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങളും ക്ലാസുകളും വിപുലമായി നടത്തുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ടി.സി. ഗിരിജ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജേഷ് പി. ഗോപി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051