പാലക്കാട് പൊതു വിദ്യാലയങ്ങളിൽ മികച്ച ഭൗതിക സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രധാന ലക്ഷ്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കാലാകാലങ്ങളായി സർക്കാരുകൾ പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. കാരാകുറുശ്ശി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവരും നാടിന്റെ വികസനത്തിന് ഒന്നിച്ചുനിൽക്കണമെന്നും, വിദ്യാർഥികൾ പഠനമികവിനൊപ്പം മാനവികതയും പരസ്പര സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽതന്നെ തുടർപഠനസൗകര്യം ഉറപ്പാക്കുന്നതിന് സ്‌കൂളുകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ പ്ലസ് ടു ബാച്ചുകൾ സർക്കാർ അനുവദിച്ചു നൽകിയതെന്ന് പുതിയ ഹയർ സെക്കൻഡറി ബാച്ച്, സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച പട്ടികജാതി- പട്ടികവർഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. എൽ.പി സ്‌കൂളിന് പുതിയ കെട്ടിടം ലഭ്യമാക്കുന്നതിനു ക്രിയാത്മകമായി ഇടപെടും. സ്കൂളിലേക്ക് സ്വന്തമായി ഒരു ബസ് വി കെ ശ്രീകണ്ഠൻ എം.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
പട്ടികജാതി- പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് കുടിശ്ശികയായിരുന്ന 370 കോടിയോളം രൂപയുടെ ഇ-ഗ്രാന്റ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചു. വനിതകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ‘ദാക്ഷായണി വേലായുധൻ’ പദ്ധതി വഴി സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്‌സിഡി നൽകും. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കായി പലിശരഹിത വായ്പ നൽകുന്ന ‘പ്രിയദർശിനി’ സ്വയംതൊഴിൽ വായ്പാ പദ്ധതി സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു അധ്യക്ഷനായി. മുൻ എം എൽ എ കെ ശാന്തകുമാരി ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും നിർവഹിച്ചു. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാദേവി, ജില്ലാ പഞ്ചായത്ത് അംഗം സി സ്മിത, ശ്രീകൃഷ്ണപുരം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കൃഷ്ണദാസ്, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സത്ത് വെള്ളാഞ്ചിരി, സ്ഥിരംസമിതി അധ്യക്ഷരായ കാസിം കോലാനി, എം ഷിഫാന, അലി അക്ബർ, കെൽ പ്രൊജക്റ്റ് മാനേജർ കെ.കെ ഉണ്ണികൃഷ്ണൻ, ഡി പി ഒ പി നസീർ ബാബു, ഡി ഡി ഇ ടി എം സലീനബീവി, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എൻ സെന്തിൽകുമാർ, പി ടി എ പ്രസിഡന്റ് എം ജി രഘുനാഥ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.