anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആടിയും പാടിയും ഒപ്പന കളിച്ചും മനസ്സിന്റെ പിരിമുറുക്കമകറ്റി; പെരിന്തൽമണ്ണയിൽ ‘മനസ്സോരം ’26’ ശ്രദ്ധേയമായി

IMG 20261013 WA0245

പെരിന്തൽമണ്ണ: ആടിയും പാടിയും ഒപ്പന കളിച്ചും കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചും മാനസികാരോഗ്യ ചികിത്സയിൽ കഴിയുന്നവർ അരങ്ങ് തകർത്തപ്പോൾ പെരിന്തൽമണ്ണ പാലിയേറ്റീവ് ക്ലിനിക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയ്ക്ക് വേദിയായി.

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മങ്കട സോണൽ പാലിയേറ്റീവ് കമ്മിറ്റി സംഘടിപ്പിച്ച ‘മനസ്സോരം ’26’ മാനസികാരോഗ്യ ചികിത്സയിൽ കഴിയുന്നവരുടെ കലാപ്രകടനങ്ങളും അനുഭവപങ്കുവെക്കലുകളും കൊണ്ട് ശ്രദ്ധേയമായി.

മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്ക് ആത്മവിശ്വാസവും മാനസികോല്ലാസവും പകർന്നുനൽകുക, സാമൂഹിക ഇടപെടലുകൾക്ക് അവസരമൊരുക്കുക, ഒറ്റപ്പെടലിന്റെ അനുഭവങ്ങളിൽനിന്ന് മോചനം നേടാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിച്ചത്.

പാട്ടും നൃത്തവും ഒപ്പനയും കഥപറച്ചിലും കവിതാലാപനവുമെല്ലാമായി പങ്കെടുത്തവർ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. ജീവിതാനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സംഗമം ഹൃദയസ്പർശിയായ നിമിഷങ്ങൾക്കും സാക്ഷിയായി.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പമീലി പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സോണൽ പ്രസിഡന്റ് ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു.

ഡോ. ഷാജി ഗഫൂർ, ഡോ. ആശിഷ് നായർ, ഡോ. ദീപു, കുറ്റിരി മാനുപ്പ, ഉമർ ഫാറൂഖ് ശാന്തപുരം, പി. പി. സൈതലവി, ഹംസ തയ്യിൽ, സൈതലവി അരിപ്ര, അബൂബക്കർ തണൽ, നാസർ ചുങ്കം, സന ഷിറിൻ എന്നിവർ സംസാരിച്ചു.

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (എം.ഐ.പി.) ജില്ലയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം ആത്മവിശ്വാസത്തോടെ ദൈനംദിന ജീവിതത്തിലേക്കും സാമൂഹിക പ്രവർത്തനങ്ങളിലേക്കും സജീവമായി തിരിച്ചെത്താൻ സഹായിക്കുകയാണ് പാലിയേറ്റീവ് ക്ലിനിക്കുകളുടെ ലക്ഷ്യം.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പെരിന്തൽമണ്ണയിൽ സോണൽതല രോഗീസംഗമം സംഘടിപ്പിച്ചത്.

IMG 20261013 WA0251

സംഗമത്തിനെത്തിയ എല്ലാവരെയും കുട്ടികൾ മധുരം നൽകി സ്വീകരിച്ചത് വേറിട്ട അനുഭവമായി. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ പേർക്കും സമ്മാനക്കിറ്റുകളും വിതരണം ചെയ്തു.

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ മാറ്റിനിർത്തുകയല്ല, സ്നേഹത്തോടെയും കരുതലോടെയും ചേർത്തുനിർത്തുകയാണ് വേണ്ടതെന്ന സന്ദേശം പകർന്നാണ് ‘മനസ്സോരം ’26’ സമാപിച്ചത്.

IMG 20261013 WA0246

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന മങ്കട സോൺ സൈക്യാട്രി രോഗി സംഗമത്തിൽ ഒപ്പന അവതരിപ്പിക്കുന്ന സൈക്യാട്രി രോഗികൾ.

Spread the News

Leave a Comment

IMG 20260806 WA0051