anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമല തീർത്ഥാടനം : കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ സുരക്ഷാ ക്യാമറ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ*

 പന്തളം.   ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി പന്തളത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പന്തളം ഇടത്താവളത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രം ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പാലനവും ഗതാഗത നിയന്ത്രണവും പോലീസ് നിർവഹിക്കും. ഇതിനായി മഫ്തി പോലീസ് അടക്കം അധിക ഉദ്യോഗസ്ഥരെ നിയോഗിക്കും. അയ്യപ്പന്മാർക്ക് സൗജന്യമായി വിരിവയ്ക്കുന്നതിനും രാത്രി കഴിയുന്നതിനും സൗകര്യം ഏർപ്പെടുത്തും. തീർത്ഥാടനകാലയളവിൽ ആരോഗ്യവകുപ്പിന്റെ താൽക്കാലിക ആശുപത്രി സ്ഥാപിക്കും. 24 മണിക്കൂറും മെഡിക്കൽ ടീമിൻറെ സേവനം ലഭിക്കും. പന്തളം പൊതുജനാരോഗ്യ കേന്ദ്രത്തിൽ അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തീർത്ഥാടന പാതയിൽ പൊതുമരാമത്ത് വകുപ്പ് അറ്റ കുറ്റപ്പണികൾ പൂർത്തിയാക്കി സൂചന ബോർഡുകൾ സ്ഥാപിക്കും. മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ കടവുകളിൽ സുരക്ഷാവേലി സ്ഥാപിക്കും. അഗ്നിശമനസേന സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി വകുപ്പുകൾ ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മയും അളവും ഉറപ്പാക്കും. കെഎസ്ആർടിസി അധിക സർവീസുകൾ ക്രമീകരിക്കും. എക്സൈസ് പ്രത്യേക സംഘത്തിൻറെ പരിശോധന ഉണ്ടാകും. ജല അതോറിറ്റി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. അടൂർ ആർഡിഒ പൊതുവായ ഏകോപനം നിർവഹിക്കും. അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് വകുപ്പുകൾ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചു.

ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി, ജനപ്രതിനിധികൾ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ, പന്തളം കൊട്ടാരം പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051