anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നെല്ലായ വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു; റവന്യൂ മന്ത്രിക്ക് നിവേദനം നൽകി

ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ ജനങ്ങൾ വർഷങ്ങളായി ഉന്നയിച്ചുവരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ നെല്ലായ വില്ലേജ് വിഭജനം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിന് നിവേദനം നൽകി. ജില്ലാ പഞ്ചായത്ത് അംഗവും (ചളവറ ഡിവിഷൻ) നേതാവുമായ പി.പി. അൻവർ സാദത്താണ് മന്ത്രിയെ നേരിൽ കണ്ട് ജനങ്ങളുടെ ദീർഘകാലത്തെ ഈ ആവശ്യം മുന്നോട്ടുവെച്ചത്.
പാലക്കാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി.എ. ജബ്ബാറിനൊപ്പമാണ് അൻവർ സാദത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വിശാലമായ ഭൂപ്രദേശവും വലിയ ജനസംഖ്യയുമുള്ള നെല്ലായ വില്ലേജിൽ നിലവിൽ ജനങ്ങൾക്ക് റവന്യൂ സംബന്ധമായ സേവനങ്ങൾ യഥാസമയം ലഭിക്കുന്നതിന് വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ട്. വില്ലേജ് ഓഫീസിലെ അമിതമായ ജോലിഭാരവും ജനങ്ങളുടെ നീണ്ട കാത്തിരിപ്പും പരിഹരിക്കാൻ വില്ലേജ് വിഭജനം അത്യന്താപേക്ഷിതമാണെന്ന് ഇരുവരും മന്ത്രിയോട് വിശദീകരിച്ചു.
കാര്യങ്ങൾ അനുഭാവപൂർവ്വം കേട്ട മന്ത്രി, രാജ്യത്ത് നിലവിൽ നടക്കുന്ന സെൻസസ് നടപടികൾ പൂർത്തിയായ ഉടനടി നെല്ലായ വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായി പി.പി. അൻവർ സാദത്ത് അറിയിച്ചു.
പ്രദേശത്തെ ജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ കൂടുതൽ വേഗത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കാൻ വില്ലേജ് വിഭജനത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Spread the News

Leave a Comment