anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ അണിനിരക്കണം: മന്ത്രി ബിന്ദു കൃഷ്ണ* കൊല്ലം വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍കാര്യക്ഷമമാക്കാന്‍ വിദ്യാര്‍ഥികള്‍ അണിനിരക്കണമെന്നു വനിതാ-ശിശുവികസന, തൊഴില്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ലഹരിവിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടി കെ ഡി എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബ-സുഹൃത് ബന്ധങ്ങള്‍ തകര്‍ക്കുന്ന ലഹരിവ്യാപനത്തില്‍നിന്ന് യുവജനങ്ങളെ മാറ്റിനിര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ജീവിതമാണ്‌ലഹരിയെന്ന ബോധ്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണം. ലഹരിക്ക് അടിമപ്പെട്ട സഹപാഠികളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം എസ് ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ ആര്‍ ലതാദേവി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി എല്‍ ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി സി ബൈജു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, ജില്ലാ വിമുക്തി കോഓര്‍ഡിനേറ്റര്‍ അരവിന്ദ് ഘോഷ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ശങ്കര്‍, പ്രിന്‍സിപ്പല്‍ എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 2342/2026)

_കൊല്ലം കെ എസ് ആര്‍ ടി ബസ് ഡിപ്പോ പുനര്‍നിര്‍മാണം_

*സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി ബിന്ദു കൃഷ്ണ*

കൊല്ലം കെ എസ് ആര്‍ ടി സി ബസ് ഡിപ്പോ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, തൊഴില്‍, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കെ എസ് ആര്‍ ടി സി ട്രാന്‍സ്പോര്‍ട്ട് മാനേജ്മന്റ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷയായിരുന്നു. കൊല്ലം ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണത്തിനുള്ള പശ്ചാത്തലപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ബസുകളുടെ ഷെഡ്യൂളുകള്‍ പുനഃസ്ഥാപിക്കും.പഴയ ബസ്റ്റാന്‍ഡിന്റെസ്ഥലത്ത് പുതിയത് നിര്‍മിക്കും; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
പഴയ കെട്ടിടത്തിലെ ഓഫീസുകള്‍ ഗ്യാരേജിന്റെ പരിസരത്തേക്ക് മാറ്റും. ഗ്യാരേജിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു. ഭരണാനുമതി ലഭിച്ച 15 കോടി രൂപയ്ക്ക് ബസ്‌ടെര്‍മിനല്‍, ഓഫീസ്‌കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഗ്യാരേജിന്റെ പുനര്‍നിര്‍മ്മാണം രണ്ടാംഘട്ടത്തിലാണ്.
ബസ് സ്റ്റാന്‍ഡ് മൂന്ന് നിലകളിലായി പണിയും. ഭാവിയിലെആവശ്യങ്ങള്‍ പരിഗണിച്ച് തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബി അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 2343/2026)

*കുടിവെള്ള വിതരണം: ഗ്രാമീണ മേഖലയില്‍ 307002 കുടിവെള്ള കണക്ഷനുകള്‍ -ജില്ലാ കലക്ടര്‍*

ജില്ലയിലെ ഗ്രാമീണമേഖലയില്‍ 307002 കുടിവെള്ളകണക്ഷനുകള്‍ നല്‍കിയെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ജലശുചിത്വസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ വിവിധയിടങ്ങളില്‍ കുടിവെള്ളവിതരണവുമായിബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു.
പവിത്രേശ്വരം മാറനാട് ജലസംഭരണി നിര്‍മാണത്തിനുള്ള നിയമതടസം നീക്കാന്‍ നടപടി സ്വീകരിക്കും. കരീപ്ര പഞ്ചായത്തിലെ നെടുമണ്‍കാവ്-എഴുകോണ്‍ റോഡില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കുന്നതിന് പൊതുമരാമത്ത്, ജല അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.
കരീപ്ര സെനിത്ത്മുക്ക് ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതനും നടപടി സ്വീകരിക്കണം. വവ്വാക്കാവ് ആനയടി റോഡില്‍ ജലവാഹകകുഴലുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. വെളിയം പഞ്ചായത്തിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ മുട്ടറ മരുതിമലയ്ക്ക് സമീപം ബൂസ്റ്റര്‍ പമ്പ് ഏര്‍പ്പെടുത്തും. പദ്ധതികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥ ഏകോപനം അനിവാര്യമെന്നും ഓര്‍മിപ്പിച്ചു ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 2344/2026)

*ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്*

പെരുമൺ എൻജിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (നഴ്‌സിംഗ് അസിസ്റ്റൻറ്) കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് ദൈർഖ്യം: 6 മാസം. വിവരങ്ങൾക്ക്: 8129345780. (പി.ആര്‍.കെ നമ്പര്‍ 2345/2026)

*ഐ.ടി.ഐ പ്രവേശനം*

ഓച്ചിറ ഐ ടി ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിലെ സംവരണ സീറ്റുകളിൽ പട്ടികജാതി/വർഗ വിഭാഗത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8113052260, 0476-2969222, 0476-2691888. (പി.ആര്‍.കെ നമ്പര്‍ 2346/2026)

*ഡി.എൽ.എഡ് പ്രവേശനം: രണ്ടാം അലോട്ട്മെന്റ് 30ന്*

ജില്ലയിലെ വിവിധ സർക്കാർ-എയ്ഡഡ് ടി ടി ഐകളിലെ ഡി.എൽ.എഡ് (സയൻസ്,ഹ്യുമാനിറ്റീസ്,കോമേഴ്‌സ്) ബാച്ചുകളുടെ രണ്ടാം അലോട്ട്മെന്റ് ജൂലൈ 30 രാവിലെ 10.30നു കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ നടത്തും.
വിവരങ്ങൾക്ക്: ddeklm.blogspot.com (പി.ആര്‍.കെ നമ്പര്‍ 2347/2026)

Spread the News

Leave a Comment