കുത്താമ്പുള്ളി: ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ പിന്മാറാതെ കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും വിജയത്തിന്റെ പടവുകൾ കയറിയ അരവിന്ദിന്റെയും രാജുവിന്റെയും സംരംഭക യാത്ര ശ്രദ്ധേയമാകുന്നു. പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്ന ഇരുവരും ഇന്ന് കോടികളുടെ വിറ്റുവരവുള്ള വസ്ത്രവ്യാപാരത്തിന്റെ സാരഥികളായി മാറിയിരിക്കുകയാണ്.
കുടുംബത്തിലെ കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഇരുവരുടെയും പഠനത്തിന് തടസ്സമായത്. കുടുംബത്തെ സഹായിക്കാനും ജീവിതച്ചെലവുകൾ കണ്ടെത്താനുമായി എട്ടാം ക്ലാസ് കാലത്തുതന്നെ വിവിധ ജോലികൾ ചെയ്യാൻ ഇരുവരും നിർബന്ധിതരായി. ബസ് ക്ലീനർ, പെയിന്റിംഗ് തൊഴിലാളി, മൊബൈൽ ഷോപ്പ് ജീവനക്കാരൻ, ജ്യൂസ് കടയിലെ സഹായി, തുണിക്കടയിലെ സെയിൽസ്മാൻ തുടങ്ങി നിരവധി ജോലികൾ ചെയ്താണ് അവർ ജീവിതാനുഭവം നേടിയത്.
ചെറിയ മുറിയിൽ നിന്ന് ആരംഭിച്ച സംരംഭം ഇന്ന് വലിയ ഷോറൂമായി; അരവിന്ദിന്റെയും രാജുവിന്റെയും വിജയകഥ പ്രചോദനമാകുന്നു

കുത്താമ്പുള്ളിയിലെ കൈത്തറി സ്ഥാപനത്തിൽ സെയിൽസ്മാനായും അക്കൗണ്ടന്റായും ജോലി ചെയ്ത കാലയളവിൽ നേടിയ അനുഭവമാണ് പിന്നീട് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ ഇരുവർക്കും പ്രചോദനമായത്.

2017-ൽ വെറും 500 രൂപ മാസവാടകയുള്ള ചെറിയൊരു മുറിയിൽ നിന്നായിരുന്നു തുടക്കം. കൈവശമുണ്ടായിരുന്ന ചെറിയ സമ്പാദ്യത്തിനൊപ്പം പലിശയ്ക്ക് കടമെടുത്ത പണവും ചേർത്താണ് ഹോൾസെയിൽ വസ്ത്രവ്യാപാരത്തിന് തുടക്കമിട്ടത്. അരവിന്ദിന്റെയും രാജുവിന്റെയും പേരുകൾ ചേർത്ത് സ്ഥാപനത്തിന് ‘A R Handlooms’ എന്ന് പേരിട്ടു.
തുടക്കം പക്ഷേ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല. ആദ്യ സീസണിൽ വിറ്റുപോയത് ഇരുപതോളം സാരികൾ മാത്രം. എന്നാൽ പരാജയത്തിൽ തളരാതെ പുതിയ വിപണനരീതികൾ തേടുകയായിരുന്നു ഇരുവരും.
കുത്താമ്പുള്ളിയിലെ പരമ്പരാഗത നെയ്ത്തുഗ്രാമങ്ങളിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വസ്ത്രങ്ങൾ ശേഖരിച്ച് കുറഞ്ഞ ലാഭത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതായിരുന്നു പ്രധാന തന്ത്രം. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മികച്ച കുത്താമ്പുള്ളി കസവുസാരികൾ, സെറ്റ് മുണ്ടുകൾ, പുരുഷന്മാർക്കുള്ള കൈത്തറി വസ്ത്രങ്ങൾ എന്നിവ ലഭ്യമാക്കിയതോടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ ഇവർക്ക് കഴിഞ്ഞു.
വെറും രണ്ട് ജീവനക്കാരുമായി ആരംഭിച്ച സംരംഭം 2018 മുതൽ കൂടുതൽ വിപുലീകരിച്ചു. ഓരോ വർഷവും സ്ഥാപനത്തിന്റെ വളർച്ച തുടർന്നു. 2024-ഓടെ ചെറിയൊരു മുറിയിൽ നിന്ന് വലിയ ഷോറൂമിലേക്കുള്ള വളർച്ചയും ഇവരുടെ സംരംഭക യാത്രയിലെ നിർണായക ഘട്ടമായി.
വ്യാപാരരംഗത്തെ സാന്നിധ്യത്തിനൊപ്പം സാമൂഹികമാധ്യമങ്ങളിലും ഇവർ ശ്രദ്ധേയമായ വളർച്ച നേടി. ഫേസ്ബുക്കിൽ 14 ലക്ഷത്തിലധികവും ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികവും യൂട്യൂബിൽ ഏഴ് ലക്ഷത്തോളവും ആളുകൾ ഇവരെ പിന്തുടരുന്നതായാണ് ലഭ്യമായ കണക്കുകൾ.
ജീവനക്കാരുടെ ക്ഷേമത്തിനും സ്ഥാപനത്തിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. തിരക്കേറിയ ഓണം സീസണുകളിലും ജീവനക്കാർക്ക് അർഹമായ ബോണസും സമ്മാനങ്ങളും അവധികളും നൽകുന്ന രീതിയാണ് പിന്തുടരുന്നത്.
പഠനം പാതിവഴിയിൽ അവസാനിച്ചെങ്കിലും ജീവിതത്തിൽ മുന്നേറാനുള്ള പഠനം അരവിന്ദനും രാജുവും തുടർന്നു. ചെറിയൊരു മുറിയിൽ നിന്ന് ആരംഭിച്ച സംരംഭം ഇന്ന് വലിയൊരു വസ്ത്രവ്യാപാര സ്ഥാപനമായി വളർന്നത് അവരുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും നേർക്കാഴ്ചയാണ്.
പ്രതിസന്ധികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിക്കുന്ന അരവിന്ദിന്റെയും രാജുവിന്റെയും വിജയയാത്ര, സംരംഭകത്വം സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് തീർച്ചയായും ഒരു പ്രചോദനകഥയാണ്.


