anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അനഘ ശശിയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ

തിരൂർ: മലയാളം സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെയും വിദ്യാഭ്യാസ അവകാശത്തിനായും 20 ദിവസമായി സമരം നടത്തുന്ന ദളിത് ഗവേഷക വിദ്യാർഥിനി അനഘ ശശിയുടെ സമരത്തിൻ്റെ രണ്ടാം ഘട്ടമായ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 50-ലേറെ സാമുദായിക, ജനാധിപത്യ, വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ഐക്യദാർഢ്യ സമ്മേളനം മലയാള സർവകലാശാലാ കവാടത്തിലെ സമരപ്പന്തലിൽ നടത്തി.

സമ്മേളനത്തിന് പിന്നാലെ ‘ജസ്റ്റിസ് ഫോർ അനഘ’ സമര സഹായ സമിതി രൂപീകരിച്ചു. അംബേദ്കർ ഡെമോക്രാറ്റിക് ഫ്രണ്ട് പ്രതിനിധി ശ്രീജിത്ത് പി. ശശി, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധി ബാസിത്ത് താനൂർ, വുമൺ ജസ്റ്റിസ് മൂവ്മെന്റ് പ്രതിനിധി ഷിഫാ ഷെറിൻ എന്നിവരെ ഉൾപ്പെടുത്തി നിലവിലെ സമരസമിതിയും വിപുലീകരിച്ചു. ഗവേഷക വിദ്യാർഥി ഒ.കെ. മുഹമ്മദ് റിയാസ് സമരസമിതി കൺവീനറായി തുടരും. മുഹമ്മദ് ഷഹീൻ (ഐസ) സമര സഹായസമിതി കൺവീനറും അഡ്വ. പി.എ. പൗരൻ (പി.യു.സി.എൽ) ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ടു.
അനഘയുടെ അക്കാദമിക ആവശ്യങ്ങളിൽ പ്രധാനപ്പെട്ട രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ഡോക്ടറൽ കമ്മിറ്റി യോഗം നടത്തുക, ആധുനിക ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് സർവകലാശാലാ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള കേസിൽ കൃത്യമായ വകുപ്പുകൾ ചുമത്താതെയും പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുന്ന തരത്തിൽ എഫ്.ഐ.ആർ ദുർബലപ്പെടുത്തിയുമാണ് പൊലീസ് നടപടിയെന്ന് സമരസമിതി ആരോപിച്ചു. ഡോ. അരുൺ ബാബുവിന്റെ അറസ്റ്റ് വൈകുന്നതും ഇതിന്റെ തെളിവാണെന്നും അവർ പറഞ്ഞു.
അനഘയുടെ അക്കാദമിക അവകാശങ്ങൾ ഉറപ്പാക്കുക, ഗവേഷണത്തിനാവശ്യമായ ലാബ്, ലൈബ്രറി, അക്കാദമിക മാർഗനിർദേശം എന്നിവ ലഭ്യമാക്കുക, ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, ഹോസ്റ്റലിലും ക്യാമ്പസിലും അനഘയുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ.
ജാതിവിവേചനത്തിന്റെ ഇരകളാകുന്ന വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുന്നതിനായി സമരം കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നും സമര സഹായസമിതി അറിയിച്ചു.

 

Spread the News

Leave a Comment

IMG 20260806 WA0051