പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ആംബുലൻസിൽ എത്തിച്ച രോഗിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ബന്ധുക്കളുടെ ആരോപണം അതീവ ഗൗരവത്തോടെ കാണണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ്
ഷെരീഫ് പട്ടാമ്പി
ആവശ്യപ്പെട്ടു.
ശ്വാസംമുട്ടലിനെ തുടർന്ന് കണ്ണാടി ഞായറാഴ്ചക്കാവ് സ്വദേശി സാംബശിവനെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയെ ആംബുലൻസിൽനിന്ന് ഇറക്കി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഏറെ നേരം രോഗിയുമായി ആംബുലൻസിൽ കാത്തുനിൽക്കേണ്ടിവന്നതായും ഒ.പി ടിക്കറ്റ് ഇല്ലാതെ ചികിത്സയ്ക്കുള്ള നടപടികൾ സ്വീകരിക്കാനാകില്ലെന്ന് അറിയിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്.
ആംബുലൻസിൽ രോഗിയെ എത്തിക്കുന്നത് സാധാരണ സാഹചര്യത്തിലല്ലെന്നും അടിയന്തര ചികിത്സ അനിവാര്യമായ ആരോഗ്യാവസ്ഥയിലാണെന്നും ആശുപത്രി ജീവനക്കാർ മനസ്സിലാക്കണം. രോഗിയെ ആംബുലൻസിൽനിന്ന് ഇറക്കി അത്യാഹിത വിഭാഗത്തിലെത്തിക്കാൻ ആവശ്യമായ ജീവനക്കാരുടെ അഭാവമുണ്ടെന്ന ആരോപണവും പരിശോധിക്കപ്പെടണം. അഞ്ചു മിനിറ്റിലധികം രോഗിയെ ആംബുലൻസിൽ കാത്തുനിർത്തേണ്ടിവന്നുവെന്ന ബന്ധുക്കളുടെ ആരോപണം നിസ്സാരമായി കാണാനാകില്ല. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗിയുടെ കാര്യത്തിൽ ഒ.പി ടിക്കറ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ചികിത്സയ്ക്ക് തടസ്സമാകാൻ പാടില്ല. ചികിത്സ വൈകിയതും രോഗിയെ ആംബുലൻസിൽനിന്ന് ഇറക്കുന്നതിലുണ്ടായ കാലതാമസവും ഉൾപ്പെടെ സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണം. ജീവനക്കാരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ വീഴ്ചയോ ഉത്തരവാദിത്വമില്ലായ്മയോ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ സർവീസിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനായി അനാവശ്യമായ കാത്തിരിപ്പ് ഒഴിവാക്കണം. ടോക്കൺ അനുവദിക്കുന്നതിലും ഡോക്ടർമാരുടെ പരിശോധന ലഭ്യമാക്കുന്നതിലും മരുന്നുകൾ വിതരണം ചെയ്യുന്നതിലും രോഗികളെ ദീർഘനേരം ക്യൂവിൽ നിർത്തുന്ന സാഹചര്യം അവസാനിപ്പിക്കണം. അടിയന്തര ചികിത്സയ്ക്കായി എത്തുന്നവർക്ക് കാലതാമസമില്ലാതെ ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ആശുപത്രി അധികൃതർ ഒരുക്കണമെന്നും ശരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.
എസ്ഡിപിഐ പാലക്കാട് മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശരീഫ് പള്ളിത്തെരുവ്, സെക്രട്ടറി അബ്ദുൽ ഖാദർ, ട്രഷറർ ഹബീബ് കല്ലുമണ്ഡപം, കമ്മിറ്റി അംഗങ്ങളായ ജംഷീർ പുതുപ്പള്ളിത്തെരുവ്, എ. കാജാ ഹുസൈൻ. അബ്ദുൽ സത്താർ സമദ് തുടങ്ങിയവർ സംബന്ധിച്ചു.