anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍*

പാലക്കാട്‌. 600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിനായി. തനത് വരുമാനം വര്‍ധിച്ചതിനാലാണ് പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ പിടിച്ച് നിന്നത്.കോവിഡ് എല്ലാവരുടേത് പോലെ നമുക്കും തിരിച്ചടിയായി. 2023-2024 ആയപ്പോള്‍ തനത് വരുമാനം 72.84 ആയി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലെ മാത്രം തനത് വരുമാന നികുതി 47000 കോടിയില്‍ നിന്ന് 81000 കോടിയായി വര്‍ധിക്കാന്‍ കഴിഞ്ഞു. ആകെയുള്ള തനത് വരുമാനം 55000 കോടിയില്‍ നിന്ന് ഒരു ലക്ഷത്തി നാലായിരം കോടിയായി വര്‍ധിച്ചു. പൊതു കടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം 36 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി കുറക്കാന്‍ കഴിഞ്ഞു. ആഭ്യന്തര ഉല്‍പാദനം 1311000 കോടി രൂപയായി ഉയര്‍ന്നു.
ആര്‍.ബി.ഐയുടെ കണക്ക് പ്രകാരം പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം വളര്‍ന്നു. പ്രതിശീര്‍ഷ വരുമാനം 2,28000 രൂപയായി ഉയര്‍ന്നു. ഐ.ടി മേഖലയിലും 1106 കമ്പനികള്‍ പുതുതായി ഉണ്ടായി. തൊഴിലെടുത്തവരുടെ എണ്ണം 1,48000 ആയി ഉയര്‍ന്നു. ഐ.ടി കയറ്റുമതിയും 90,000 കോടിയായി ഉയര്‍ന്നു.
സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയായി 6300 സ്റ്റാര്‍ട്ട് അപ്പുകളായി വളര്‍ന്നു. 5800 കോടിയുടെ നിക്ഷേപവും, 60000 തൊഴിലവസരങ്ങളും സ്റ്റാര്‍ട്ട് അപ്പുകളിലൂടെ നേടാനായി. ഇനി അടുത്ത വര്‍ഷങ്ങളില്‍ 15,000 സ്റ്റാര്‍ട്ട് അപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍, കൊച്ചിയിലെ വാട്ടര്‍ മെട്രോ, തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്നിവയെല്ലാം സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ നാഴികകല്ലാണ്. ആയുര്‍വേദ രംഗത്ത് ഒരു ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയാണ്. സോഫ്റ്റ് വെയര്‍ വികസനത്തില്‍ നേരത്തെ മുതല്‍ നമ്മള്‍ വളര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഹാര്‍ഡ് വെയറിലും സോളാര്‍ പാനലിലും മറ്റു എല്ലാ മേഖലകളിലും ഉത്പാദനം യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടപ്പിലാക്കുന്നത്. വ്യാവസായിക വളര്‍ച്ച 17 ശതമാനമായും നിര്‍മാണ മേഖല 14 ശതമാനമായും ഉയര്‍ത്തി.
പുതിയ വ്യവസായികളെ ആകര്‍ഷിക്കാനും പുതിയ വ്യവസായ സ്ഥാപനങ്ങള്‍ വരാനുമായി കേരളത്തെ നിക്ഷേപ സൗഹൃദമാക്കി.നിക്ഷേപ സൗഹൃദമെന്ന രീതിയില്‍ രാജ്യത്ത് സംസ്ഥാനം ഒന്നാമതായി. എം.എസ്.എം.ഇ മേഖലയില്‍ ബെസ്റ്റ് പ്രാക്ടീസ് ആയി രാജ്യം കേരളത്തെ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം വരെ മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങളുണ്ടായി. വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനുള്ള ഓണ്‍ലൈന്‍ സംവിധാനമായ കെ.സ്വിസ്സ് പ്രാവര്‍ത്തികമായി കഴിഞ്ഞു. ഇതുവഴി നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്‍.എസ്.ഒ യുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്യം കുറഞ്ഞ സംസ്ഥാനവും, ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനവുമായി കേരളം മാറി. ഇതെല്ലാം സാധിച്ചത് സംസ്ഥാനത്തെ പൊതുവിപണി രംഗം ശക്തമാക്കിയതിനാലാണ്. വിപണി ഇടപെടലില്‍ 14000 കോടി രൂപ ചിലവഴിച്ചു.
നാലേകാല്‍ ലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകള്‍ നല്‍കാനായി. വര്‍ഗിയ കലാപമോ ഉയര്‍ന്ന ശിക്ഷാ വിധികളൊന്നും ഇല്ലാത്തത് കേരളത്തിന്റെ ക്രമസമാധാനം നല്ലരീതിയിലെന്ന് സൂചിപ്പിക്കുന്നതാണ്. പൊതുജീവിതം ശാന്തമാണ്.
വൈദ്യുതി രംഗത്ത് ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പ് വരുത്താന്‍ സംസ്ഥാനത്തിനായിട്ടുണ്ട്. ക്ഷേമപദ്ധതികളിലും മികവ് കാണിക്കാന്‍ സര്‍ക്കാറിനായി. ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി വര്‍ധിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്യാനുമായി. ലൈഫ് മിഷനിലൂടെ നാല് ലക്ഷത്തിലധികം വീടുകളില്‍ ആളുകള്‍ താമസിക്കുന്നു. ബാക്കിയുള്ള വീടുകള്‍ പൂര്‍ത്തീകരണ പുരോഗതിയിലാണ്. 357000 പട്ടയങ്ങള്‍ നല്‍കാനായി. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളില്‍ നല്‍കും. അതി ദാരിദ്യം അടുത്ത നവംബറോടുകൂടി ഇല്ലാതാക്കും. നിലവില്‍ 75 ശതമാനം അതിദരിദ്രരെ മോചിപ്പിച്ചു.
ആരോഗ്യ മേഖല, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി. കാര്‍ഷിക രംഗം 6, 4 ശതമാനമായി ഉയര്‍ന്നു. നെല്‍കൃഷി 223000 ഹെക്ടറിലായി വികസിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14498 ഹെക്ടര്‍ നെല്‍വയലുകള്‍ക്കാണ് റൊയല്‍റ്റി ലഭ്യമാക്കിയത്. ഇത്തരത്തില്‍ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായി. ജനങ്ങളുടെ പിന്തുണയും നിര്‍ദേശങ്ങളുമാണ് സര്‍ക്കാറിന് ഗുണകരമായ രീതിയിലുള്ള പ്രവര്‍ത്തനത്തിന് കാരണമായതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 

*കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍*

കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗംതടയുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബില്‍ നടന്ന ജില്ലാതല യോഗത്തില്‍ ക്ഷണിതാക്കളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതിനായി വരുന്ന ജൂണ്‍ മുതല്‍ വലിയ രീതിയിലുള്ള കാംപയിനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. കുട്ടികളില്‍ വ്യക്തിഗതമായ ശ്രദ്ധ കൊടുക്കേണ്ടതും അവരുമായി ഏറ്റവും കൂടുതല്‍ ഇടപഴകുന്നതും അധ്യാപകരാണ്. ഇന്നത്തെ കാലത്ത് മയക്ക് മരുന്ന് വ്യാപനം കുട്ടികളില്‍ സ്വാധീനമുണ്ടാക്കാതിരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. അധ്യാപകര്‍ നല്ല കൗണ്‍സിലര്‍മാരാകുന്നതിനുള്ള പരിശീലനവും അത്തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകുക എന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കലോത്സവ വേദികളില്‍ ഉണ്ടാകാറുള്ള പരാതികള്‍ക്ക് കാലത്തിന് അനുസരിച്ച് അനുഭവത്തില്‍ നിന്ന് ആവശ്യമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കും. കുട്ടികളുടെ മാനസീകാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി പഠനം മാത്രമല്ലാതെ കല, സാഹിത്യം, സ്‌പോര്‍ട്ട്‌സ്, ഗെയിംസ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. മൊത്തത്തില്‍ കുട്ടികളുടെ മാനസീകാരോഗ്യം ശക്തിപ്പെടുത്തുന്നതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം. അവര്‍ക്ക് കളിച്ച് വളരാനുള്ള അവസരം ഉണ്ടാകണം.കുട്ടിയുമായി പങ്കിടുന്ന സമയം മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് പലയിടത്തും കളിസ്ഥലങ്ങള്‍ ഇല്ലാത്ത അവസ്ഥ സാമൂഹ്യ പ്രശ്‌നമായി കണക്കിലെടുത്ത് ഇടപെടാനാകും.

കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ട് പോയാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകാതെ എങ്ങനെ തിരുത്തിയെടുക്കാം എന്നാണ് ശ്രദ്ധിക്കേണ്ടത്. കൗണ്‍സിലിങ് , ഡി അഡിക്ഷന്‍ സെന്ററുകളുടെ സേവനം ആവശ്യമായി വന്നാല്‍ മടിച്ചു നില്‍ക്കാതെ അവയുടെ സേവനം പ്രയോജനപ്പെടുത്തണം. ഡീ അഡിക്ഷന്‍ സെന്ററുകളില്‍ നിന്ന് മുക്തമായി വന്നാല്‍ മാതാപിതാക്കളും അധ്യാപകരും കുട്ടിയെ ചേര്‍ത്ത് നിര്‍ത്തണം.

ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമി ഉപയോഗിക്കാന്‍ പറ്റാവുന്നതും കൃഷിയോഗ്യമായതും തന്നെ ആയിരിക്കണം ലഭ്യമാകേണ്ടത്. തെറ്റായ പ്രവണതകള്‍ ഗൗരവകരമായി കണക്കിലെടുത്ത് ആദിവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമിക്ക് പട്ടയം ലഭിച്ച് കഴിഞ്ഞാല്‍ അവരെ കബളിപ്പിച്ച് കൈവശപ്പെടുത്താനുള്ള പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. അവര്‍ക്ക് ആവശ്യമായ മുന്‍ഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡിജിറ്റല്‍ സര്‍വേ അട്ടപ്പാടിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
വന്യജീവി ആക്രമണം വലിയ പ്രശ്‌നമായി നിലനില്‍ക്കുകയാണ്. അത് നേരിടുന്നതിനായി കാട്ടിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൃഗങ്ങള്‍ക്ക് ആവശ്യമായ, വെള്ളം, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനോടൊപ്പം ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങള്‍ പൂര്‍ണ്ണ ഒഴിവാക്കുന്നതിനും നിലവിലുള്ളവ നിലനിര്‍ത്തുന്നതിനും പ്രാധാന്യം കൊടുക്കുന്നുണ്ട്.

തൊഴിലില്ലായ്മ പ്രശ്‌നം നല്ല രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. നൈപുണ്യ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അസാപ് പോലെയുള്ള നൈപുണ്യ വികസന പദ്ധതികള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്ത് ഉപസമിതിയെ തീരുമാനിച്ച് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന തലത്തിലേക്ക് നീങ്ങുകയാണ്. നാട്ടുവൈദ്യവും നാട്ടറിവും ഉപയോഗിക്കാനാകണം, അവ സംരംക്ഷിക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്ന് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ നൈപുണ്യപരിശീലനം നല്‍കുകയും കോളേജുകളില്‍ പ്രത്യേക പരിശീലനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

പരിപാടിയില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, എം.എല്‍.എ മാരായ മുഹമ്മദ് മുഹസിന്‍, പി.മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, അഡ്വ. കെ ശാന്തകുമാരി, എ. പ്രഭാകരന്‍, പി.പി സുമോദ്, കെ.ഡി പ്രസേനന്‍, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാകളക്ടര്‍ ജി. പ്രിയങ്ക, ലാന്‍ഡ് റെവന്യൂ കമ്മീഷ്ണര്‍ ഡോ.എ കൗശിഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്*
*പാലക്കാട്*

Spread the News

Leave a Comment

IMG 20260806 WA0051