anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി.ടി.ഉഷ, സഞ്ജു സാംസണ്‍, അനില്‍ മേനോന്‍ വരെ മല്ലു സ്വത്വവും ആഗോള അക്ഷാംശങ്ങളും

കൊച്ചി. ഒരു കാലത്ത് വടക്കേ ഇന്ത്യക്കാരന്‍ ഭൂപടം നോക്കി ചുണ്ട് കോട്ടി ‘മദ്രാസി’ എന്ന് വിളിച്ച ഒരു കൂട്ടരുണ്ടായിരുന്നു ഇവിടെ. വെളിച്ചെണ്ണ മണക്കുന്ന, കട്ടിമീശയപ്പന്മാരും കസവുമുടുത്ത പെണ്ണുങ്ങളും ഒത്തുകൂടിയ ഒരു കൊച്ചു തീരപ്രദേശമാണ് കേരളം. എന്നാല്‍ ഇന്ന് 2026-ല്‍ എത്തിനില്‍ക്കുമ്പോള്‍ കഥ മാറി, പശ്ചാത്തലവും മാറി. ഇന്ന് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും നെഞ്ച് വിരിച്ചു നില്‍ക്കുന്ന ഒരു ബ്രാന്‍ഡുണ്ട്. അതിന്റെ പേരാണ് ‘മല്ലു’ (ഗ്ലോബല്‍ മലയാളി ).

വേഗറാണി പി.ടി. ഉഷയുടെ നാടെന്നു വിളിപ്പേരു വീണ കേരളത്തിന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത സഞ്ജു സാംസണ്‍, ലോകകപ്പ് ഫുട്‌ബോളില്‍ ഖത്തറിന്റെ ടീമംഗമായ കണ്ണൂരുകാരന്‍ തഹ്സീന്‍ മുഹമ്മദ് ജംഷീദ്, ഒടുവിലിതാ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ മലയാളി നാസ ശാസ്ത്രജ്ഞനായ ഡോ.അനില്‍ മേനോന്‍.. അതെ, വിശ്വമലയാളികള്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ചന്ദ്രനില്‍ ചെന്നാലും മലയാളിയുണ്ടാകുമെന്ന ‘സെല്‍ഫ് ട്രോള്‍’ മാത്രമല്ല ഏതുമേഖലയിലും മലയാളിയില്ലാത്ത നാടും മേഖലയും മഷിയിട്ടുനോക്കിയാല്‍ മാത്രം കാണാം.
ഒരുകാലത്ത് ഭാരതത്തിന്റെ ഭൂപടത്തില്‍ ദക്ഷിണത്തിന്റെ അറ്റത്ത് പച്ചനിറത്തില്‍ ചാര്‍ത്തിയ ഒരു ചെറുരേഖയായിരുന്നു കേരളം. എന്നാല്‍ കാലം നദിപോലെ ഒഴുകി. ഇന്ന് ആ നദി സമുദ്രം കടന്ന് ലോകത്തിന്റെ എല്ലാ തീരങ്ങളെയും സ്പര്‍ശിച്ചിരിക്കുന്നു. ആ പ്രവാഹത്തിന്റെ പേരാണ് മലയാളി.ഇന്ന് ‘മല്ലു’ എന്ന വാക്ക് ഒരു പ്രാദേശിക വിശേഷണമല്ല, അത് അതിര്‍ത്തികള്‍ മറികടന്ന ഒരു ആഗോള സ്വത്വത്തിന്റെ അടയാളമാണ്. മലയാളിയുടെ യാത്ര വെറും തൊഴില്‍ തേടിയുള്ള പലായനമായിരുന്നില്ല, അത് സ്വപ്നങ്ങളുടെ ദേശാടനം ആയിരുന്നു. സ്വന്തം മണ്ണിലെ ഈര്‍പ്പം കാലുകളില്‍ പറ്റിപ്പിടിച്ചുകൊണ്ട് അന്യദേശങ്ങളിലേക്ക് നടന്ന മനുഷ്യരുടെ കഥയാണ് കേരളത്തിന്റെ ചരിത്രം. അവര്‍ പോയിടത്തെല്ലാം ഭാഷയും ഭക്ഷണവും സംസ്‌കാരവും സ്‌നേഹവും വിതറി. അങ്ങനെ അവര്‍ താമസിച്ച നഗരങ്ങള്‍ വീടുകളായി, വീടുകള്‍ ചെറിയ കേരളങ്ങളായി.
ലണ്ടനിലെ തെരുവുകളിലായാലും ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിക്കരയിലായാലും, ഒരു മലയാളി റെസ്റ്റോറന്റില്‍ നിന്ന് ഉയരുന്ന പുട്ടിന്റെയും പൊറോട്ടയുടെയും മണം, സംസ്‌കാരങ്ങളുടെ സംഗമസ്ഥാനത്ത് മലയാളി കൊളുത്തുന്ന ഒരു ദീപമാണ്. ഓണമോ വിഷുവോ വരുമ്പോള്‍, മരുഭൂമിയിലെ മണലാരണ്യത്തിലായാലും മഞ്ഞുപുതച്ച പാശ്ചാത്യനാട്ടിലായാലും, കസവുമുണ്ടും ധരിച്ച് സദ്യയുണ്ണുന്ന മലയാളി, തന്റെ വേരുകളെ ഉപേക്ഷിക്കാന്‍ മടിക്കാത്ത ഒരു വൃക്ഷത്തെപ്പോലെയാണ്. എത്ര ഉയരത്തില്‍ വളര്‍ന്നാലും മണ്ണിലേക്ക് തിരിഞ്ഞുനോക്കുന്ന അവന്റെ സ്വഭാവം അവന്റെ അതിരുകളില്ലാത്ത അഭിലാഷങ്ങളുടെ ദാര്‍ശനികമായ പരിപ്രേക്ഷ്യമാണ്.
കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം മലയാളി തന്റെ വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ലോകപ്രശസ്തരായ ശാസ്ത്രജ്ഞര്‍ മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കലാകാരന്മാര്‍ വരെ നീളുന്നതാണ് ആ പട്ടിക. ഇ. ശ്രീധരനെപ്പോലെയുള്ള എന്‍ജിനീയറിങ് വിസ്മയങ്ങള്‍ മുതല്‍ വിദേശരാജ്യങ്ങളില്‍ ഉന്നതങ്ങളിലിരിക്കുന്ന മലയാളികള്‍ വരെ നമ്മുടെ അഭിമാനമാണ്. ആഗോള ക്രിക്കറ്റ് ഭൂപടത്തില്‍ ഇന്ന് മലയാളി തിളങ്ങുന്നത് സഞ്ജു സാംസണെപ്പോലെയുള്ള താരങ്ങളിലൂടെയാണ്. വിജയങ്ങളും പ്രതിസന്ധികള്‍ക്കിടിയിലും മലയാളിയെ വേറിട്ടുനിര്‍ത്തുന്നത് അവരുടെ ‘എത്നിസിറ്റി’ അഥവാ വംശീയമായ സവിശേഷതയാണ്. ലോകത്ത് എവിടെയാണെങ്കിലും നാടിന്റെ രുചിയും ഭാഷയും ഒപ്പം കൊണ്ടുപോകുന്നവര്‍. എത്ര വലിയ വിദേശ രാജ്യത്തായാലും ഒരു സദ്യയോ ഓണമോ വന്നാല്‍ മുണ്ടും ചുറ്റി ഇറങ്ങാന്‍ മലയാളിയോളം ആവേശമുള്ള മറ്റൊരു വിഭാഗം കുറവാണ്. വിജയപഥത്തില്‍ മുന്നേറുന്ന ജേതാവിന്റെ മലയാളി മുള്ളിത്തെറിച്ച ബന്ധം അരിച്ചുപെറുക്കുന്ന മലയാള പത്രങ്ങളും ട്രോളുകളില്‍ നിറഞ്ഞിട്ടുണ്ട്. പാതിമലയാളികളേയും നാം ആഘോഷിക്കുന്നു. റോബിന്‍ ഉത്തപ്പ, അജയ് ജഡേജ പോലുള്ള ക്രിക്കറ്റര്‍മാര്‍ പ്രിയങ്ക ചോപ്ര, ജോണ്‍ ഏബ്രാഹം തുടങ്ങി താരങ്ങളുടെ കേരള ബന്ധവും ഇടക്കിടെ വാര്‍ത്തകളില്‍ നിറയുന്നു. എന്തിന് സെലിബ്രേറ്റികള്‍ പുട്ടും കടലക്കറിയും ബീഫും കഴിക്കുമ്പോള്‍ വരെ മലയാളിയുടെ മനം നിറയുന്നു.

ക്രിക്കറ്റ്
ചേട്ടന്‍മാര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2007-ല്‍ ജോഹന്നാസ്ബര്‍ഗിലെ ആകാശത്തേക്ക് ഉയര്‍ന്ന പന്ത് എസ്. ശ്രീശാന്ത് എന്ന എറണാകുളംകാരന്‍ കൈപ്പിടിയിലൊതുക്കി ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് മലയാളി സ്വന്തമാക്കുകയായിരുന്നു. ഇന്ന് സഞ്ജു സാംസണ്‍ ലോകകപ്പിന്റെ മുഖ്യശില്‍പിയായപ്പോള്‍ തലങ്ങും വിലങ്ങും മലയാളികള്‍ ആവേശത്തിന്റെ സിക്‌സറുകള്‍ പായിച്ചു. അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അയാള്‍ നേരിടുന്ന അവഗണനകള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ യുദ്ധം പ്രഖ്യാപിക്കുന്നതും ഇതേ ‘മലയാളി രോഷം’ കൊണ്ടാണ്. ഇന്ത്യ ലോകകപ്പ് എപ്പോള്‍ നേടിയാലും ഒരു മലയാളി ഉണ്ടാകുമെന്നു അടുത്തിടെ ഓടിയ റീല്‍ ശരിയല്ലേ..സുനില്‍ വല്‍സന്‍ മുതല്‍ സഞ്ജുസാംസണ്‍ വരെ അതിനൊരുദാഹരണം.

മലയാളി
ലോകകപ്പ് ഫുട്ബാളിലും

കായികരംഗത്തെ ‘മലയാളി സിന്‍ഡ്രോം’ഫുട്‌ബോളിനെ നെഞ്ചേറ്റിയ മലയാളിക്ക് ഖത്തര്‍ ലോകകപ്പില്‍ തഹ്സീന്‍ മുഹമ്മദ് ജംഷീദ് എന്ന മലയാളി പയ്യന്‍ അംഗമായപ്പോള്‍ ഉണ്ടായ ആവേശം ചെറുതല്ല. ഐ.എം. വിജയനും വി.പി. സത്യനും പണിതുയര്‍ത്തിയ ആ ഫുട്‌ബോള്‍ പാരമ്പര്യം ഇന്നും മലയാളിയുടെ രക്തത്തില്‍ തിളച്ചു മറിയുന്നു.

ഓസ്‌കാറും
ഹോളിവുഡും

ദൃശ്യവിസ്മയങ്ങളുടെകാര്യത്തില്‍ മലയാളി ഇന്ന് പ്രാദേശിക അതിരുകള്‍ ഭേദിച്ചു കഴിഞ്ഞു. റസൂല്‍ പൂക്കുട്ടി ചേര്‍ത്തലയിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ഓസ്‌കാറിന്റെ ചുവപ്പ് പരവതാനിയിലേക്ക് നടന്നു കയറി ‘സ്ലംഡോഗ് മില്യണെയറിലൂടെ’ ശബ്ദത്തിന്റെ വിശ്വമാന്ത്രികനായ മലയാളി. ഹോളിവുഡില്‍ സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ പിതാവായി വാഴ്ത്തപ്പെടുന്ന, ‘ദി സിക്‌സ്ത് സെന്‍സ്’പോലുള്ള ക്ലാസ്സിക് ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിച്ച വിശ്വമലയാളിയാണ് മനോജ് നൈറ്റ് ശ്യാമളന്‍. ലോക സിനിമയെ തന്നെ തന്റെ ഫ്രെയിമുകളിലൂടെ അത്ഭുതപ്പെടുത്തിയ ക്യാമറ മാന്ത്രികനാണ് സന്തോഷ് ശിവന്‍. ഇന്ത്യന്‍ ഛായാഗ്രാഹകരില്‍ മുന്‍പന്തിയിലുള്ള മലയാളി.
ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത പിറവി’മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണ്. കാന്‍ ചലച്ചിത്ര മേളയില്‍ ‘ക്യാമറ ഡി ഓര്‍’ പുരസ്‌കാരം ഈ ചിത്രം നേടി. ഇദ്ദേഹത്തിന്റെ തന്നെ ‘വാനപ്രസ്ഥം’ എന്ന സിനിമയും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
‘മരണ സിംഹാസനം’ എന്ന ചിത്രമാണ് കാനില്‍ ഏറ്റവും വലിയ പുരസ്‌കാരം നേടിയ മറ്റൊരു മലയാളി ചിത്രം.1999-ലെ കാന്‍ ചലച്ചിത്ര മേളയില്‍ ക്യാമറ ഡി ഓര്‍'(മികച്ച നവാഗത സംവിധായകന്‍) പുരസ്‌കാരം മുരളി നായര്‍ ഈ ചിത്രത്തിലൂടെ നേടി.
മലയാളത്തിലെ ഒരു സാധാരണ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എങ്ങനെ ലോക സിനിമകളെ സ്വാധീനിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ്
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചൈനീസ്, കൊറിയന്‍, ഇന്തോനേഷ്യന്‍ ഭാഷകളിലേക്കും ഈ സിനിമയുടെ റീമേക്ക് അവകാശങ്ങള്‍ വിറ്റുപോയി. ഒരു ഇന്ത്യന്‍ പ്രാദേശിക സിനിമ ഇത്രയധികം വിദേശ ഭാഷകളിലേക്ക് ഔദ്യോഗികമായി വഴിമാറ്റം നടത്തുന്നത് ആദ്യമായാണ്.
ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടംപിടിച്ച രാഹുല്‍ സദാശിവന്‍-മമ്മൂട്ടി ചിത്രം ‘ബ്രഹ്‌മയുഗത്തിലെ കൊടുമണ്‍ പോറ്റിയുടെ തിരക്കഥ മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണിത്. ബ്രഹ്‌മയുഗത്തിന്റെ പൂര്‍ണ്ണമായ തിരക്കഥ ഓസ്‌കാര്‍ അക്കാദമി തങ്ങളുടെ ഔദ്യോഗിക ഭരണകേന്ദ്രമായ മാര്‍ഗരറ്റ് ഹെറിക് ലൈബ്രറിയില്‍ സ്ഥിരമായി സൂക്ഷിക്കാന്‍ തിരഞ്ഞെടുത്തു. ലോക സിനിമയിലെ മികച്ച ക്ലാസ്സിക്കുകളുടെ തിരക്കഥകള്‍ മാത്രം സൂക്ഷിക്കുന്ന ഇടമാണിത്.
ബോളിവുഡില്‍ ഉള്‍പ്പെടെ തരംഗം സൃഷ്ടിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായ സാബു സിറിള്‍ (ബാഹുബലി, ആര്‍.ആര്‍.ആര്‍ ഫെയിം) മലയാളി ദൃശ്യവിസ്മയത്തിന്റെ ദേശീയ മുഖമാണ്.
പ്രേംനസീര്‍ എന്ന നിത്യഹരിത നായകനില്‍ നിന്ന് തുടങ്ങി ഇന്ന് പാന്‍-ഇന്ത്യന്‍ തലത്തില്‍ മാസ്മരിക പ്രകടനം കാഴ്ചവെക്കുന്ന ഫഹദ് ഫാസില്‍ വരെ എത്തിനില്‍ക്കുന്നു മലയാളി നടന്മാരുടെ ദേശീയ സ്വാധീനം.
1965-ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ തെക്കേ ഇന്ത്യന്‍ ചിത്രമായ ‘ചെമ്മീന്‍’ മുതല്‍ അങ്ങോട്ട് നിരവധി അവാര്‍ഡ്, ആര്‍ട്ട് സിനിമകളിലൂടെ (അടൂര്‍, ഷാജി എന്‍ കരുണ്‍ ചിത്രങ്ങള്‍) മാറിയ മലയാള സിനിമ, ഇന്ന് ആവേശം,’ബാലന്‍’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇന്‍ഡസ്ട്രിയായി മാറി.

ഐക്യരാഷ്ട്രസഭയിലെ
മല്ലുപവര്‍

ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവികളില്‍ ഇരുന്നുകൊണ്ട് ലോകകാര്യങ്ങള്‍ നിയന്ത്രിച്ച ശശി തരൂരിന്റെ ഇംഗ്ലീഷ് ഇന്ന് മലയാളിയുടെ ‘ബൗദ്ധിക ഗര്‍വ്വിന്റെ’ പ്രതീകമാണ്. ആദ്യകാലത്ത് രാജതന്ത്രജ്ഞന്‍ വി.കെ. കൃഷ്ണമേനോന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മണിക്കൂര്‍ നീണ്ട പ്രസംഗം നടത്തി ചരിത്രം കുറിച്ചതും ഇതേ മലയാളി വീര്യമാണ്. രാജ്യത്തിന്റെ പരമോന്നത പദവികളില്‍ ഒന്നായ രാഷ്ട്രപതി പദവിയിലേക്ക് ആദ്യമായി ഒരു ദളിത് പ്രതിനിധിയായി കെ.ആര്‍. നാരായണന്‍ എന്ന മലയാളി എത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ നീതിയായിരുന്നു. ഐ.എസ്.ആര്‍.ഒ റോക്കറ്റ് വിക്ഷേപിക്കുമ്പോഴെല്ലാം അതിന്റെ പിന്നിലെ തലച്ചോറായി ജി.മാധവന്‍ നായരും രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ള മലയാളി ശാസ്ത്രജ്ഞര്‍ ഉണ്ടാകാറുണ്ടായിരുന്നു.
മലയാളി എവിടെപ്പോയാലും കൂടെ കൊണ്ടുപോകുന്ന രണ്ട് സാധനങ്ങളുണ്ട്. അവന്റെ മുണ്ടും ഭക്ഷണശീലവും. പുട്ടും കടലയും പൊറോട്ടയും ബീഫും മലയാളിയുടെ അടയാളങ്ങളാണ്.
ലോകത്തിന്റെ വിവിധ കോണുകളിലെ മലയാളി തുരുത്തുകളില്‍ ഒരു തനി നാടന്‍ റെസ്റ്റോറന്റ് ഉണ്ടാകും. അവിടെ ആവിപറക്കുന്ന പുട്ടും കടലയും മൊരിഞ്ഞ പൊറോട്ടയും ബീഫ് റോസ്റ്റും റെഡിയായിരിക്കും. ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയിലെ പാട്ടില്‍ പറയുന്നത് പോലെ, നമ്മള്‍ ലളിതമായി ജീവിക്കുന്നവരായിരിക്കാം, പക്ഷേ നമ്മുടെ ചിന്തകളും സ്വപ്നങ്ങളും ആഗോളതലത്തിലാണ്.
ലോകത്തിന്റെ ഏത് കോണില്‍ ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത് ഒന്നുകില്‍ ഒരു മലയാളിയുടെ തലയില്‍, അല്ലെങ്കില്‍ ഒരു മലയാളി നടത്തുന്ന സ്ഥാപനത്തിന് മുന്നില്‍ വീഴും എന്നൊരു പറച്ചിലുണ്ട്. ഇത് കേവലം തമാശയല്ല, മറിച്ച് മലയാളിയുടെ അതിജീവനശേഷിയുടെ സാക്ഷ്യപത്രമാണ്. സ്വന്തം നാടിനേക്കാള്‍ കൂടുതല്‍ മലയാളി ‘മലയാളി’യാകുന്നത് പലപ്പോഴും കേരളത്തിന് പുറത്തെത്തുമ്പോഴാണ്.
ഭാരതത്തിന്റെ യാത്രാസൗകര്യങ്ങളെ മാറ്റിമറിച്ച പൊന്നാനിക്കാരന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ മലയാളിയുടെ കൃത്യനിഷ്ഠയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ്. ഡല്‍ഹി മുതല്‍ കൊച്ചി വരെ അദ്ദേഹം തീര്‍ത്ത റെയില്‍ പാതകള്‍ മലയാളി എന്‍ജിനീയറിങ് ബുദ്ധിയുടെ അടയാളങ്ങളാണ്.
ബുക്കര്‍ സമ്മാനത്തിലൂടെ മലയാളിയുടെ ബൗദ്ധികമായ ഔന്നത്യം ലോകത്തിന് മുന്നില്‍ തെളിയിച്ച എഴുത്തുകാരി അരുന്ധതി റോയ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന തന്റെ പുസ്തകത്തിലൂടെ മീനച്ചിലാറിനെയും അയ്മനത്തെയും അവര്‍ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തി. പയ്യോളി എക്‌സ്പ്രസ്സ്’ എന്നറിയപ്പെടുന്ന പി.ടി.ഉഷ ഇന്ത്യന്‍ കായിക ചരിത്രത്തിലെ എക്കാലത്തെയും വലിയ വിസ്മയമാണ്.

മലയാളി സ്വത്വം: ഒരു
‘സെല്‍ഫ് ട്രോള്‍’

രണ്ട് മലയാളികള്‍ അന്റാര്‍ട്ടിക്കയില്‍ കണ്ടുമുട്ടിയാല്‍ അവര്‍ ആദ്യം ചെയ്യുന്നത് അവിടെ ഒരു ‘അന്റാര്‍ട്ടിക്ക മലയാളി അസോസിയേഷന്‍’ രൂപീകരിക്കുകയും ഒരു ഓണാഘോഷം പ്ലാന്‍ ചെയ്യുകയുമായിരിക്കും. ലോകത്തിന്റെ എവിടെയായാലും ഒരു മുണ്ടും ചുറ്റി, ചന്ദനക്കുറിയും തൊട്ട് സദ്യക്ക് ഇലയിടുന്നത് മലയാളിയുടെ ജന്മാവകാശമാണ്.നാസയില്‍ റോക്കറ്റ് വിടുന്നതിനെപ്പറ്റിയായാലും, അമേരിക്കന്‍ ഇലക്ഷനെപ്പറ്റിയായാലും ഒരു മലയാളിയോട് ചോദിച്ചാല്‍ കൃത്യമായ ‘അഭിപ്രായം’ കിട്ടും. എല്ലാ കാര്യത്തിലും ഒരു ‘എക്‌സ്‌പെര്‍ട്ട്’ ഒപ്പീനിയന്‍ പറയുക എന്നത് നമ്മുടെ രക്തത്തിലുള്ളതാണ്. ഒരു കാലത്ത് ‘കടല്‍ കടന്നാല്‍ കരിങ്കടല്‍, കാടുകടന്നാല്‍ കരിങ്കാട്’ എന്ന് ഭയപ്പെട്ടിരുന്ന മലയാളി, ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ചില്ലറവില്‍പന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച തൃശൂര്‍ക്കാരനായ എം.എ. യൂസഫലി (ലുലു ഗ്രൂപ്പ്) ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ന് മലയാളിയുടെ ആഗോള സാമ്പത്തിക കരുത്തിന്റെ പ്രതീകമാണ്. രാജന്‍ പിള്ള (ബിസ്‌കറ്റ് രാജാവ്) ലോകത്തിലെ ഏറ്റവും വലിയ ബിസ്‌കറ്റ് കമ്പനികളിലൊന്നായ ബ്രിട്ടാനിയയെ നയിച്ച കൊല്ലം സ്വദേശിയാണ്. ‘ബിസ്‌കറ്റ് കിംഗ്’ എന്നറിയപ്പെട്ട അദ്ദേഹം മലയാളിയുടെ ആദ്യകാല ആഗോള കോര്‍പ്പറേറ്റ് മുഖമായിരുന്നു.
ആര്‍.പി. ഗ്രൂപ്പിന്റെ തലവന്‍ രവി പിള്ള മധ്യപൂര്‍വേഷ്യയിലെ നിര്‍മ്മാണ മേഖലയില്‍ വന്‍കിട കരാറുകള്‍ ഏറ്റെടുത്ത് ലക്ഷക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ വ്യവസായിയാണ്. കണ്ണൂരിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ എഡ്യൂക്കേഷന്‍ ടെക്‌നോളജി കമ്പനി കെട്ടിപ്പടുത്ത അദ്ധ്യാപകനായ ബൈജു രവീന്ദ്രന്‍ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ബിസിനസ് രംഗത്തെ അതികായകനായിരുന്നു.
1983-ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം ചൂടിയ ടീമിലെ അംഗമായിരുന്ന സുനില്‍ വില്‍സണ്‍ മലയാളിയാണ്. ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ ആദ്യ മലയാളി എന്ന ബഹുമതി ഇദ്ദേഹത്തിനാണ്.
കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇതിഹാസ താരം കെ.എന്‍.അനന്തപത്മനാഭന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലെങ്കിലും ഇന്ന് ലോകം അറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര അമ്പയറാണ്. ഐപിഎല്ലിലും ഐസിസി ടൂര്‍ണമെന്റുകളിലും അദ്ദേഹം വിധികര്‍ത്താവായി തിളങ്ങുന്നു.
എസ്. ശ്രീശാന്ത് 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും കിരീടം നേടിയ ഇന്ത്യന്‍ ടീമുകളില്‍ അംഗമായിരുന്നു. ലോകകപ്പ് ഫൈനലില്‍ കളിക്കുകയും കിരീടം നേടുകയും ചെയ്ത ആദ്യ മലയാളി താരമാണ് ഇദ്ദേഹം.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ മലയാളി സാന്നിധ്യം സഞ്ജു സാംസണ്‍ ട്വന്റി ട്വന്റി ലോകകപ്പ് നേടിക്കൊടുത്തതില്‍ മുഖ്യപങ്കുവഹിക്കുന്നു. ഐപിഎല്ലില്‍ ഒരു ടീമിനെ (രാജസ്ഥാന്‍ റോയല്‍സ്) നയിച്ച ഏക മലയാളി ക്യാപ്റ്റന്‍. ഇന്ന് ചെന്നൈ സൂപ്പര്‍ സിങ്ങിന്റെ ഭാഗം. ഐപിഎല്‍ താരങ്ങളായ വിഷ്ണു വിനോദ്, വിഘനേഷ് പുത്തൂര്‍ എന്നിവരും മലയാളികളുടെ പ്രതീക്ഷയാണ്.
ഇറ്റലിയിലെ വോളിബോള്‍ കോര്‍ട്ടുകളില്‍ വിസ്മയം തീര്‍ത്ത, ഇന്ത്യന്‍ വോളിബോളിന്റെ ഇതിഹാസവും മലയാളിയുമായ താരം ജിമ്മി ജോര്‍ജ്ജ്,
ഇന്ത്യന്‍ സ്‌ക്വാഷിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ദീപിക പള്ളിക്കല്‍
വനിതാ ടെന്നീസ് താരം എറണാകുളം സ്വദേശിനിയായ തന്‍വി ഭട്ട്,
ഇന്ത്യയെ പ്രതിനിധീകരിച്ച് ഡേവിസ് കപ്പില്‍ കളിച്ചിട്ടുള്ള പ്രമുഖ മലയാളി ടെന്നീസ് താരം ആസിഫ് ഇസ്മായില്‍ പട്ടിക നീളുകയാണ്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന കേരളം ടൂറിസ പ്രചാരണം മലയാളിയെയും ആഗോളസെലിബ്രേറ്റിയാക്കുന്നു.

 

ഫോബ്‌സ് മാഗസിനും
മലയാളികളും

ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ ഇടംപിടിച്ച ശതകോടീശ്വരന്മാരില്‍ മലയാളികളുണ്ട്.
മലയാളി വ്യവസായി എന്ന് കേള്‍ക്കുമ്പോള്‍ ലോകം ആദ്യം ഓര്‍ക്കുന്ന പേരാണ് എം.എ. യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്ന് 1973-ല്‍ അബുദാബിയിലേക്ക് കപ്പല്‍ കയറിയ അദ്ദേഹം ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളില്‍ ഒന്നിന്റെ ഉടമയാണ്.
പാലക്കാട് സ്വദേശിയായ പി.എന്‍.സി. മേനോന്‍ ഒമാനില്‍ വെറും ഏഴ് ഡോളറുമായി ബിസിനസ്സ് തുടങ്ങിയ വ്യവസായിയാണ്. ഇന്ന് ലോകപ്രശസ്തമായ ഒരു റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉടമ. സണ്ണി വര്‍ക്കി (ജെംസ് എഡ്യൂക്കേഷന്‍)
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂള്‍ ശൃംഖലയുടെ ഉടമയാണ് പത്തനംതിട്ട സ്വദേശിയായ സണ്ണി വര്‍ക്കി. കോഴിക്കോട് സ്വദേശിയായ ഡോ. ശംഷീര്‍ വയലില്‍ ആരോഗ്യരംഗത്താണ് തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.
സ്വര്‍ണ്ണ വ്യാപാര രംഗത്ത് ലോകം മുഴുവന്‍ ശാഖകളുള്ള വ്യവസായിയാണ് തൃശൂര്‍ സ്വദേശിയായ ജോയ് ആലുക്കാസ്. സി.കെ. മേനോന്‍ (ബിഹസാദ് ഗ്രൂപ്പ്) ഖത്തര്‍ കേന്ദ്രീകരിച്ച് ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയില്‍ വിജയഗാഥ രചിച്ച വ്യവസായിയാണ്.

പ്രഥമ പൗരനായ മലയാളി

കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, പട്ടിണിയോടും വിവേചനങ്ങളോടും പൊരുതി ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതി പദവിയിലേക്ക് എത്തിയ കെ.ആര്‍.നാരായണന്റെ ജീവിതം ഏതൊരു മലയാളിക്കും ഒരു പാഠപുസ്തകമാണ്.
ഇന്ത്യ സ്വന്തമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ‘ഗഗന്‍യാന്‍’ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ്. ഇന്‍ഫോസിസിന്റെ സി.ഇ.ഒ, വൈസ് ചെയര്‍മാന്‍ പദവികള്‍ അലങ്കരിച്ച ക്രിസ് ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഐ.ടി. വ്യവസായത്തിന്റെ തന്നെ പ്രമുഖരില്‍ ഒരാളാണ്. പത്മഭൂഷണ്‍ നല്‍കിയാണ് രാജ്യം ഇദ്ദേഹത്തെ ആദരിച്ചത്. ഇന്‍ഫോസിസിന്റെ മറ്റൊരു സഹസ്ഥാപകനും മുന്‍ സി.ഇ.ഓയുമായ ഷിബുലാല്‍ ആലപ്പുഴക്കാരനാണ്. ഇന്‍ഫോസിസിന്റെ ആഗോള വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന തന്ത്രശാലികളില്‍ ഒരാളായ ഇദ്ദേഹത്തിന്റെ കഠിനാധ്വാനം ഐ.ടി. പഠിക്കുന്ന ഏതൊരു മലയാളി യുവാവിനും ഒരു പ്രചോദനമാണ്.

ഗള്‍ഫ് മലയാളികളും
നഴ്‌സുമാരും

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഗള്‍ഫ് മലയാളികളും, ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്ത് കാരുണ്യത്തിന്റെ മുഖമായി മാറിയ മലയാളി നഴ്‌സുമാരും ആഗോളതലത്തില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. ഒരു തുള്ളിയില്‍ വിസ്മയം തീര്‍ത്ത ‘ഉജാല’ (ജ്യോതി ലബോറട്ടറീസ്), ആയുര്‍വേദ സോപ്പായ ‘മെഡിമിക്‌സ്’, പരമ്പരാഗത ചികിത്സാരംഗത്തെ വിശ്വസ്ത നാമമായ ‘കോട്ടയ്ക്കല്‍ ആര്യവൈദ്യശാല’, എംആര്‍എഫ് കമ്പനി എന്നിവ ഇന്ത്യയൊട്ടാകെ പടര്‍ന്ന മലയാളി ബ്രാന്‍ഡുകളാണ്. കേരളത്തിലെ പ്രമുഖ ഗോള്‍ഡ് ജ്വല്ലറികളും (കല്യാണ്‍, മലബാര്‍ തുടങ്ങിയവ) ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധേയമാണ്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദൃശ്യകലകളിലൊന്നായ കഥകളിയും ആയോധനകലയായ കളരിപ്പയറ്റും കേരളത്തിന്റെ സാംസ്‌കാരിക പ്രൗഢി വിളിച്ചോതുന്നു.
ആലപ്പുഴയും മൂന്നാറും കിഴക്കിന്റെ വെനീസ്’ ആയ ആലപ്പുഴയിലെ കെട്ടുവള്ളങ്ങളും മൂന്നാറിലെ തേയിലത്തോട്ടങ്ങളും പച്ചപ്പും ലോകസഞ്ചാരികളെ ആകര്‍ഷിക്കുന്ന ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’യുടെ ഹൃദയഭാഗങ്ങളാണ്.
മലയാളിയുടെ തനിമയും ലാളിത്യവും വിളിച്ചോതുന്ന കേരളത്തിന്റെ പരമ്പരാഗത വസ്ത്രധാരണ രീതി കസവു മുണ്ടും കസവു സാരിയും ഇന്ന് ദേശീയ തലത്തില്‍ തന്നെ ഉത്സവവേളകളില്‍ ശ്രദ്ധപിടിച്ചുപറ്റുന്നു.
ഭക്ഷണരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ‘ഷെഫ് സുരേഷ് പിള്ള’യെപ്പോലെയുള്ള പ്രമുഖരും ഈ മലയാളി പെരുമയ്ക്ക് മാറ്റ് കൂട്ടുന്നു.

ഭരണസിരാകേന്ദ്രങ്ങിലെ
മല്ലൂസ്

ഇന്ത്യന്‍ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയിലെ സിവില്‍ സര്‍വീസിലും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ സെക്രട്ടറിമാരായും നിരവധി മലയാളികള്‍ രാജ്യത്തിന്റെ നയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്നത്തെ രീതിയില്‍ ശക്തമാക്കിയ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറാണ് ടി.എന്‍.ശേഷന്‍. കള്ളവോട്ടിനും അഴിമതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു.
വി.പി. മേനോന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കുന്നതില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വലതുകൈയായി പ്രവര്‍ത്തിച്ച ബ്യൂറോക്രാറ്റാണ്.
കെ.പി.എസ്. മേനോന്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറിയാണ്.
ശിവശങ്കര്‍ മേനോന്‍ ഇന്ത്യയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. നിരുപമ റാവു ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായും തിളങ്ങിയ മലയാളി വനിത.
ഡോ. കെ. രാധാകൃഷ്ണന്‍, എസ്. സോമനാഥ് എന്നിവര്‍ ഇന്ത്യയുടെ അഭിമാനമായ ഇസ്രോയുടെ ചെയര്‍മാന്‍ പദവിയിലെത്തി, മംഗള്‍യാന്‍, ചന്ദ്രയാന്‍ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലയാളി ശാസ്ത്രജ്ഞര്‍.
ഇസ്രോയുടെ മുന്‍ ചെയര്‍മാനും ചന്ദ്രയാന്‍-1 ദൗത്യത്തിന്റെ വിജയശില്പിയുമാണ് ജി. മാധവന്‍ നായര്‍. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനാണ് ഡോ. എം.എസ്.സ്വാമിനാഥന്‍.
ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ മലയാളിയാണ്.

വിദേശരാജ്യങ്ങളിലെ
തലപ്പത്ത്

അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ സെനറ്ററാണ് വിന്‍ ഗോപാല്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന വക്താവായ ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ മലയാളികളാണ്.
യു.എസ്.ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗമാണ് പ്രമീള ജയപാല്‍.
കെവിന്‍ തോമസ് മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്ററാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കെവിന്‍ തോമസ്. പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ ഇദ്ദേഹത്തിന്റെ കുടുംബവേരുകള്‍ കേരളത്തിലാണ്. ജോ ഡാനിയല്‍ മുന്‍ കനേഡിയന്‍ പാര്‍ലമെന്റ് അംഗമായിരുന്നു.
കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജ് നിലവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി പദവിയിലാണ്. കെ.ആര്‍.നാരായണന്‍ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയാകുന്നതിന് മുന്‍പ് അദ്ദേഹം പ്രഗത്ഭനായ ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്നു. യു.എസ്.എ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായി അദ്ദേഹം തിളങ്ങിയിരുന്നു.
മുന്‍ ന്യൂസിലന്‍ഡ് കാബിനറ്റ് മന്ത്രിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. ന്യൂസിലന്‍ഡ് മന്ത്രിസഭയിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയായ വനിതയാണ്പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനി. ഓസ്ട്രേലിയയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന് ഒരു പ്രവിശ്യയിലെ മന്ത്രിയാകുന്ന ആദ്യത്തെ മലയാളിയാണ് ജിന്‍സണ്‍ ചാള്‍സ്.
മുന്‍ ഓസ്ട്രേലിയന്‍ ഫോറിന്‍ സെക്രട്ടറിയായിരുന്നു പീറ്റര്‍ വര്‍ഗീസ്.
വി.കെ.കൃഷ്ണമേനോന്‍ യുകെയിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു.
കായംകുളം സ്വദേശിയായ ടി.പി.ശ്രീനിവാസന്‍ ഓസ്ട്രിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും വിയന്നയിലെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെയും ഇന്ത്യന്‍ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെനിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലെ ഹൈക്കമ്മീഷണറുമായിരുന്നു. നെതര്‍ലെന്റിലെ ഇന്ത്യന്‍ അംബസിഡറായിരുന്ന വേണു രാജാമണി തിരുവനന്തപുരം സ്വദേശിയാണ്.
വിശ്വത്തിന്റെ എല്ലാ അക്ഷാംശങ്ങളെയും സ്വന്തം തറവാടാക്കി മാറ്റിയ ഒരു വര്‍ത്തമാനകാലത്തിലേക്ക് മലയാളി നടന്നു കയറിയിരിക്കുന്നു.
മണ്ണില്‍ നിന്നും വിണ്ണിലേക്ക് പടര്‍ന്ന ഈ മഹാപ്രയാണം ഒരു കാര്യം അടിവരയിടുന്നു: മലയാളി എന്നത് ഒരു പ്രദേശത്ത് ജീവിക്കുന്ന ജനവിഭാഗമല്ല, മറിച്ച് ലോകത്തിന്റെ ഏത് കോണിലും അതിജീവനത്തിന്റെ വിത്തുപാകി, പ്രതിഭയുടെ പൂക്കള്‍ വിരിയിക്കുന്ന ഒരു ആഗോള പ്രതിഭാസമാണ്.
മലയാളിയുടെ ഏറ്റവും വലിയ ശക്തി അവന്റെ സംസ്‌കാരത്തോടുള്ള സ്‌നേഹമാണ്. ലോകത്തിന്റെ ഏത് നഗരത്തിലായാലും ഓണം വന്നാല്‍ മുണ്ടുടുത്ത് പൂക്കളം ഒരുക്കുന്ന മനുഷ്യരാണ് മലയാളികള്‍. പുട്ടിന്റെയും കടലയുടെയും മണവും, സദ്യയിലെ അവിയലിന്റെയും പായസത്തിന്റെയും രുചിയും, മാതൃഭാഷയുടെ മാധുര്യവും അവര്‍ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ഭൂഖണ്ഡങ്ങള്‍ മാറിയാലും ഹൃദയത്തിന്റെ വിലാസം മാറുന്നില്ല.
ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികള്‍ മുതല്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഗവേഷകരും ഡോക്ടര്‍മാരും നഴ്സുമാരും അധ്യാപകരും സംരംഭകരും വരെ എല്ലാവരും ചേര്‍ന്നാണ് കേരളത്തിന്റെ യഥാര്‍ത്ഥ അതിര്‍ത്തികള്‍ വരയ്ക്കുന്നത്. കേരളത്തിന്റെ ഭൂപടം പശ്ചിമഘട്ടത്തിലും അറബിക്കടലിലും അവസാനിക്കുന്നില്ല; അത് ലോകമെമ്പാടുമുള്ള മലയാളി ഹൃദയങ്ങളില്‍ തുടരുന്നു.
ഒരു മരം എത്ര ഉയരത്തില്‍ വളര്‍ന്നാലും അതിന്റെ വേരുകള്‍ മണ്ണിലായിരിക്കും. അതുപോലെയാണ് മലയാളിയും.

റിപ്പോർട്ട് രഞ്ജിത്ത് എം നിലമ്പൂർ

Spread the News

Leave a Comment

IMG 20260806 WA0051